
അറിവ് തേടുന്നതിന് പ്രായം ഒരു തടസമല്ലന്ന് കാലം നിരവധി ജീവിത സാക്ഷ്യങ്ങളിലൂടെ പലകുറി നമ്മോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഓർമ്മപ്പെടുത്തൽ കൂടി. 95 -ാം വയസ്സിൽ ബിരുദാന്തര ബിരുദം നേടി ലോകത്തിന് മുഴുവൻ പ്രചോദനമായി മാറി ഡോ. ഡേവിഡ് മർജോട്ട് തന്റെ പുതിയ ലക്ഷ്യത്തിലേക്കുള്ള പാതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ആധുനിക യൂറോപ്യൻ തത്ത്വചിന്തയില്‍ ബിരുദം നേടിയാണ് ഡോ. ഡേവിഡ് മർജോട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന നേട്ടം ഇദ്ദേഹം സ്വന്തമാക്കി.
കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഡോ. ഡേവിഡ് മർജോട്ടിന്റെ ബിരുദദാനച്ചടങ്ങ് ഹൃദയസ്പർശിയായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് ഡോ മർജോട്ടിന് സദസ്സ് ആദരവ് അറിയിച്ചത്. തന്റെ നേട്ടത്തെക്കുറിച്ച് വാചാലനായ അദ്ദേഹം, പ്രായത്തിന്റെ മറവിൽ സ്വപ്നങ്ങൾ ഒളിപ്പിച്ചു വയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടു. തന്റെ ഓർമ്മ മങ്ങി തുടങ്ങിയെങ്കിലും കഠിനാധ്വാനമാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
65 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യയുടെ നഷ്ടം ഉണ്ടാക്കിയ വേദന മാറാനാണ് ഡോക്ടർ മർജോട്ട് വീണ്ടും പഠനം ആരംഭിച്ചത്. ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും, 102 വയസ്സിനുള്ളിൽ ഒരു ഡോക്ടറേറ്റ് പൂർത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യയുടെ മരണത്തോടെ കടുത്ത ഏകാന്തതയിൽ അകപ്പെട്ടു പോയ അദ്ദേഹം അതിൽ നിന്നും രക്ഷനേടാനാണ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായി മാറുകയായിരുന്നു. നഷ്ടങ്ങൾ ഉണ്ടായാൽ അതിൽ മനസ് ഉടക്കി ഇരിക്കാതെ പുതിയ പുതിയ കാര്യങ്ങൾക്കായി ചെറുതായെങ്കിലും ഒന്ന് പരിശ്രമിക്കണമെന്നാണ് ഡോ. മര്ജോട്ടിന്റെ അഭിപ്രായം. നിലവില്‍ റിട്ടയേർഡ് സൈക്യാട്രിസ്റ്റാണ് അദ്ദേഹം.
Last Updated Feb 7, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]