
ദില്ലി: കാര്‍ അപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ് (2023) നഷ്ടമായ റിഷഭ് പന്തിന് വരും ഐപിഎല്‍ സീസണിലുടനീളം കളിക്കാനാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന് റിക്കി പോണ്ടിംഗ്. എന്നാല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ പന്തിന് ഇക്കുറി അണിയാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.
‘ഐപിഎല്ലില്‍ കളിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് റിഷഭ് പന്ത്. എന്നാല്‍ എത്രത്തോളം എന്ന് നമുക്കറിയില്ല. റിഷഭ് പന്ത് ഇപ്പോള്‍ നന്നായി ഓടുന്നുണ്ട്. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് ആറ് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വരും സീസണില്‍ റിഷഭ് വിക്കറ്റ് കീപ്പറാകുമോ എന്ന് ഉറപ്പ് പറയാനാവില്ല. ഞാനിപ്പോള്‍ ചോദിച്ചാല്‍ അദേഹം പറയും ഞാനെല്ലാം മത്സരങ്ങളും കളിക്കുമെന്ന്, എല്ലാ മത്സരത്തിലും കീപ്പ് ചെയ്യുമെന്നും നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുമെന്നും. ഇതാണ് റിഷഭ് പന്ത് ആഗ്രഹിക്കുന്നത്. വളരെ ഊര്‍ജസ്വലനായ താരമാണ് റിഷഭ്. അദേഹം നമ്മുടെ ക്യാപ്റ്റന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം റിഷഭിനെ ഏറെ മിസ് ചെയ്തു. വലിയ അപകടത്തിന് ശേഷം കഴിഞ്ഞ 12-13 മാസക്കാലം റിഷഭ് നടത്തിയ പരിശ്രമം വളരെ വലുതാണ്. അപകടത്തില്‍ രക്ഷപ്പെട്ടതിലും വീണ്ടും കളിക്കാനാകുന്നതിലും ഏറെ ഭാഗ്യം ചെയ്തവനാണ് എന്ന് റിഷഭിന് തന്നെ അറിയാം. ഐപിഎല്ലിന്റെ 2024 സീസണില്‍ റിഷഭ് പന്ത് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മത്സരങ്ങളിലും കളിച്ചില്ലെങ്കില്‍ കൂടിയും 14ല്‍ 10 മത്സരങ്ങളിലെങ്കിലും റിഷഭ് പന്ത് ഇറങ്ങും. റിഷഭ് എത്ര മത്സരം കളിച്ചാലും അത് ടീമിന് ബോണസാണ്’ എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
അതേസമയം റിഷഭ് പന്ത് തയ്യാറാകും വരെ ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തുടരും എന്നും റിക്കി പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ‘ഡേവിഡ് വാര്‍ണര്‍, ഹാരി ബ്രൂക്ക്, മിച്ചല്‍ മാര്‍ഷ് തുടങ്ങിയ വിദേശ താരങ്ങള്‍ മുതല്‍ക്കൂട്ടാകും. പേസര്‍മാരായ ആന്റിച് നോര്‍ക്യയും ജേ റിച്ചാര്‍ഡ്സണും ഫിറ്റ്നസ് കൈവരിച്ചാല്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ഉള്‍പ്പെടുന്ന സ്ക്വാഡ് മികച്ചതാണ്’ എന്നും റിക്കി വ്യക്തമാക്കി. ഐപിഎല്‍ 2023ല്‍ 14ല്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജയിച്ച ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരിലൊന്നായാണ് ഫിനിഷ് ചെയ്തത്.
2022 ഡിസംബര്‍ 30ന് അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ കാറപകടത്തില്‍ റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഇതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടര്‍ ചികില്‍സകളിലും പരിശീലനത്തിലുമാണ് റിഷഭ് പന്ത്.
Last Updated Feb 7, 2024, 5:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]