ചെറിയ പനിയല്ലേ ഒരു പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് പറഞ്ഞ് കേൾക്കാത്തവരായി ആരും കാണില്ല. പനിയോ തലവേദനയോ വന്നാൽ ഉടനെ നമ്മളിൽ പലരും ആശ്രയിക്കുന്നത് പാരസെറ്റമോളിനെയാണ്. ഡോക്ടറുടെ പോലും നിർദേശമില്ലാതെയാണ് കുട്ടികൾക്ക് വരെ മാതാപിതാക്കൾ പാരസെറ്റമോൾ കൊടുക്കുന്നത്.
എന്നാൽ പാരസെറ്റമോൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ പറയുന്നത്. അമിതമായ ഉപയോഗം, മദ്യം പോലുള്ളവയുടെ ഒപ്പം കഴിക്കുന്നത് എന്നിവ പാരസെറ്റമോളിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങൾ
പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് മരുന്ന് പ്രോസസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ലിവർ ഫെയിലിയറിന് വരെ കാരണമാകുന്നു. സ്ഥിരമായുള്ള പാരസെറ്റമോളിന്റെ ഉപയോഗം വൃക്കകളെയും ബാധിക്കുന്നു. വൃക്കകളുടെ പ്രവർത്തനങ്ങളെ ഇത് തകരാറിലാക്കാൻ സാദ്ധ്യതയുണ്ട്.
അതിനാൽ തന്നെ വൃക്ക രോഗമുള്ളവർ കൂടുതലായി പാരസെറ്റമോൾ കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ അമിത അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. വെറും വയറ്റിൽ ഇത് കഴിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. പാരസെറ്റമോളിന്റെ അമിത ഡോസ് ശരീരത്തിനുള്ളിൽ പോയാൽ ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഈ സമയത്ത് അടിയന്തര വെെദ്യസഹായം ആവശ്യമാണ്.
അലർജി
ചിലർക്ക് പാരസെറ്റമോൾ കഴിക്കുന്നത് അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, ശരീരത്തിൽ ചുവന്ന പാട് പൊങ്ങി വരിക, ശ്വാസ തടസം എന്നിവ ഉണ്ടാകുന്നു. ഇതിന് ഉടനടി ചികിത്സ അവശ്യമാണ്. പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പാരസെറ്റമോളിനൊപ്പം മറ്റ് ചില മരുന്നുകൾ, മദ്യം എന്നിവ കഴിക്കുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.
വേദന നിയന്ത്രിക്കാൻ
ശരീരവേദനയോ തലവേദനയോ ചെറിയ പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ കഴിക്കുന്നു. ഇത് രോഗ ലക്ഷണങ്ങൾ മറയ്ക്കുന്നതിനും രോഗനിർണയം വെെകിപ്പിക്കുന്നതിനും കാരണമാകുന്നു. രോഗി ചികിത്സ തേടാതെ മരുന്ന് കഴിച്ച് ഇരിക്കുന്നത് ജീവന് വരെ അപകടമാണ്. തലവേദന വരുമ്പോൾ പതിവായി പാരസെറ്റമോൾ ഉപയോഗിച്ചാൽ കാലക്രമേണ തലവേദന കൂടുകയും മരുന്ന് കഴിക്കാതെ അവയെ പ്രതിരോധിക്കാൻ കഴിയാതെയും വരുന്നു. പാരസെറ്റമോൾ ഒരു ശീലമായി മറുകയും ചെയ്യും. ഇത് നമുടെ വികാരങ്ങളെയും സ്വാധീനിക്കുന്നു. അമിതമായി പാരസെറ്റമോൾ കഴിച്ചാൽ മാനസികാവസ്ഥയെയും വെെകാരിക ക്ഷേമതയും അത് ബാധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടികളിൽ
കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണ്. അവരുടെ ശരീരത്തിൽ മരുന്ന് പ്രവർത്തിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിൽ കൂടുതൽ ശരീരത്തിനുള്ളിൽ എത്തിയാൽ അപകടമാണ്. അതിനാൽ മാതാപിതാക്കൾ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ. ഇല്ലെങ്കിൽ മരുന്ന് ഓവർ ഡോസ് ആകുകയും കുട്ടികൾക്ക് ഓക്കാനം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഗർഭാവസ്ഥയിൽ സ്ത്രീകൾ പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ ഗർഭിണിയായി ഇരിക്കുമ്പോൾ അമിത അളവിൽ പാരസെറ്റമോൾ കഴിക്കാൻ പാടില്ലെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഗർഭിണികൾ പാരസെറ്റമോൾ കഴിക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണവും നടത്തിവരികയാണെന്നും വിദഗ്ധർ പറയുന്നു.
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ രോഗത്തിന് വളരെ നല്ല മരുന്നാണ് പാരസെറ്റമോൾ. എന്നാൽ ദുരുപയോഗം ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ കാരണമാകുന്നു. ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഡോസുകൾ മാത്രമേ കഴിക്കാവൂ. കൂടാതെ മദ്യം കുടിക്കുന്ന ദിവസം പാരസെറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് വേണം മരുന്ന് കഴിക്കാനെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.