ന്യൂഡൽഹി: 45നും 65നും ഇടയിൽ പ്രായമുളള ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഒരുക്കി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ പ്രവാസി ഭാരതീയ എക്സ്പ്രസിന് ഓൺലൈനായി ഫ്ളാഗ് ഒഫ് ചെയ്യും. 1915ൽ ജനുവരി ഒമ്പതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വന്നതിന്റെ ബഹുമാനാർത്ഥമാണ് ഇന്ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നത്.
മൂന്നാഴ്ചകൾ കൊണ്ട് പുതിയ ട്രെയിൻ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും മതപരമായ സ്ഥലങ്ങളിലൂടെയും സർവീസ് നടത്തും. അയോദ്ധ്യ, പാറ്റ്ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മഥുര, കൊച്ചി, ഗോവ, എക്ത നഗർ, അജ്മിർ, പുഷ്കർ, ആഗ്ര എന്നിവിടങ്ങളും ഉൾപ്പെടുന്നു. പ്രവാസി ഭാരതീയ എക്സ്പ്രസിൽ ഒരേസമയത്ത് 156 യാത്രക്കാർക്ക് സഞ്ചരിക്കാം. വിദേശകാര്യ മന്ത്രാലയവും ഐആർസിടിസിയും സഹകരിച്ച് പ്രവാസി തീർത്ഥ ദർശൻ യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ സംസ്കാരവുമായി കൂടുതൽ ബന്ധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം, ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഒഡീഷ സർക്കാരുമായി സഹകരിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി എട്ട് മുതൽ പത്ത് വരെയാണ് കൺവെൻഷൻ. വികസിത ഇന്ത്യയ്ക്ക് പ്രവാസികളുടെ സംഭാവന എന്നാണ് കൺവെൻഷന്റെ പ്രമേയം. 50ൽ അധികം രാജ്യങ്ങളിൽ നിന്നുളള പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]