ബംഗളൂരു: കേരളത്തിൽ നിന്നുള്ള വനിതയടക്കം ആറ് മാവോയിസ്റ്റ് നേതാക്കൾ ഇന്ന് അധികൃതർക്കുമുന്നിൽ ആയുധംവച്ച് കീഴടങ്ങും. വയനാട് സ്വദേശി ജിഷ,ഉഡുപ്പിയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്ഗാരു ലത അടക്കമുള്ള മാവോയിസ്റ്റുകൾ ചിക്കമംഗളൂരു കളക്ടർക്ക് മുന്നിൽ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കീഴടങ്ങുമെന്നാണ് റിപ്പോർട്ട്. തുടർന്ന് തങ്ങൾ എന്തുകൊണ്ടാണ് സായുധപോരാട്ടം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പ്രസ്താവന നടത്തും. എന്നാൽ കീഴടങ്ങുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല.
മുണ്ട്ഗാരു ലത കീഴടങ്ങുന്നതോടെ കർണാടകയിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറ്റ നിലയിലാവും. സംസ്ഥാനത്തെ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നിൽ എത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ലതയ്ക്കെതിരെ 85 കേസുകളാണ് നിലവിലുള്ളത്. ജിഷയ്ക്കെതിരെ 18 കേസുകളും. സുന്ദരി കട്ടാരുലു ബെൽത്തങ്കടി (71 കേസുകൾ), വനജാക്ഷി മുദിഗെരെ ( 25 കേസുകൾ), മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂർ ( 50 കേസുകൾ), കെ വസന്ത് റാണിപ്പേട്ട് തമിഴ്നാട് ( 9 കേസുകൾ) എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവർ എന്നാണ് വിവരം.
കീഴടങ്ങാൻ മാവോയിസ്റ്റുകൾക്ക് ആഹ്വാനം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കഴിഞ്ഞ തിങ്കളാഴ്ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസം മുമ്പ് മാവോയിസ്റ്റുകൾ കത്ത് എഴുതിയിരുന്നുവെന്നും ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചതായും കീഴടങ്ങൽ കമ്മിറ്റിയിലെ സിവിൽ സൊസൈറ്റി അംഗങ്ങളിൽ ഒരാളായ എഴുത്തുകാരൻ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു. കത്തിൽ ഉടനീളം കീഴടങ്ങൽ എന്ന വാക്ക് മാവോയിസ്റ്റുകൾ ആവർത്തിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഇനി ഒരു സായുധ പോരാട്ടം നടത്താൻ കഴിയില്ലെന്നും മുഖ്യധാരയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റുകൾ പറഞ്ഞു. കർഷകരുടെ അവകാശങ്ങൾക്കും മറ്റ് പ്രശ്നങ്ങൾക്കുമായി ഭരണഘടനാപരമായി തങ്ങളുടെ പോരാട്ടം തുടരുമെന്ന് അവർ പറഞ്ഞു. ദുരിതാശ്വാസ പാക്കേജ് നടപ്പാക്കുമെന്ന ഉറപ്പും അവർ സർക്കാരിൽ നിന്ന് തേടിയിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്നും ഒരേക്കറോളം ഭൂമി കയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകണമെന്നും മാവോയിസ്റ്റുകൾ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്’- ജയപ്രകാശ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീഴടങ്ങുന്നവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കില്ല എന്നാണ് അധികൃതർ നൽകുന്ന സൂചന.ഇക്കാര്യം മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.കോടതി നടപടികൾ എങ്ങനെ ലഘൂകരിക്കാമെന്നുള്ള ചർച്ചകൾ കീഴടങ്ങൾ കമ്മിറ്റി ചർച്ചചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.