
ബംഗളൂരു: ഐപിഎല്‍ മുന്നിലെത്തി നില്‍ക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ തുടക്കത്തില്‍ ചില മത്സരങ്ങള്‍ നഷ്ടമാവും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ സൂര്യകുമാറിനെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയില്‍ കഴിയുന്ന സൂര്യകുമാര്‍ അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി ജര്‍മനിയിലേക്ക് പോകും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തോടെ ഔദ്യോഗികമായി മുംബൈ ഇന്ത്യന്‍സ് പ്രതികരിച്ചിരുന്നില്ല.
അതേസമയം, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും. ലോകകപ്പിന് ശേഷം പരിക്കേറ്റ ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഈമാസം ഇരുപത്തിയഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് തുടങ്ങും. മൂന്നാം ടെസ്റ്റിന് മുന്‍പ് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഷമിയുടെ പ്രതീക്ഷ.
മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍ നടക്കും. മാര്‍ച്ച് 11ന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളറായിരുന്നു മുഹമ്മദ് ഷമി. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടെ, ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 12 മുതല്‍ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്.
ഇംഗ്ലണ്ട് എക്കെതിരായ പരമ്പരക്കുള്ള ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരന് (ക്യാപ്റ്റന്‍), സായ് സുദര്ശന്, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്, പ്രദോഷ് രഞ്ജന്‍ പോള്‍, കെഎസ് ഭരത്, മാനവ് സുത്താര്‍, പുല്‍കിത് നാരംഗ്, നവ്ദീപ് സൈനി, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ധ്രുവ് ജുറെല്‍, ആകാശ് ദീപ്.
Last Updated Jan 8, 2024, 6:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]