
അല്‍ദവാദ്മി – ദാകാര്‍ റാലിയുടെ ഞായറാഴ്ചയിലെ രണ്ടാം സ്റ്റെയ്ജിനിടെ അപകടത്തില്‍ പെട്ട സ്പാനിഷ് മോട്ടോര്‍സൈക്ലിസ്റ്റ് കാര്‍ലെസ് ഫാല്‍ക്കണ്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ ദാകാറില്‍ അരങ്ങേറിയ ഫാല്‍ക്കണ്‍ ദവാദ്മിയിലെ രണ്ടാം സ്റ്റെയ്ജില് ഫിനിഷ് ചെയ്യാന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടത്തില്‍ പെട്ടത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഹെലിക്കോപ്റ്റര്‍ എത്തി ദവാദ്മി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ട്വിന്ട്രയല് റെയ്സിംഗ് ടീം റൈഡറായ ഫാല്‍ക്കന്‍ ശനിയാഴ്ച ആദ്യ സ്റ്റെയ്ജ് കഴിഞ്ഞപ്പോള്‍ 76ാം സ്ഥാനത്തായിരുന്നു. ഫാല്‍ക്കന്റെ നട്ടെല്ലിന് പരിക്കുണ്ട്. റിയാദ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തും.
അതിനിടെ, കഴിഞ്ഞ രണ്ട് തവണ ചാമ്പ്യനായ നാസര്‍ അല്‍അതിയ്യ കാര്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തേക്കു പോയി. എഞ്ചിന് തകരാറ് കാരണം രണ്ടാം സ്റ്റെയ്ജില് 10 മിനിറ്റിലേറെ അതിയ്യക്ക് നഷ്ടപ്പെട്ടു. ദാകാറിലെ അമ്പതാം വിജയമാഘോഷിച്ച് ഓഡിയുടെ വെറ്ററന്‍ സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സലാണ് രണ്ടാം സ്റ്റെയ്ജില് ആദ്യം ഫിനിഷ് ചെയ്തത്. മരുഭൂമിയിലൂടെയുള്ള 463 കിലോമീറ്റര്‍ ദുര്‍ഘടമായ പാതയിലൂടെ ഒന്നാമനായി അമ്പത്തെട്ടുകാരന് കുതിച്ചെത്തി. സെബാസ്റ്റ്യന്‍ ലോബ് 29 സെക്കന്റിന്റെ വന്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപത്തൊന്നുകാരന് സേത് ക്വിന്ററോയാണ് മൂന്നാമത്. ആന്‍ഡി വതാനന് മാത്രമേ ഇതിന് മുമ്പ് ദാകാറില്‍ 50 വിജയങ്ങള്‍ നേടിയിട്ടുള്ളൂ.
രണ്ടാം സ്റ്റെയ്ജ് പിന്നിട്ടപ്പോള്‍ ഓഡിയുടെ കാര്‍ലോസ് സയ്ന്‍സിനാണ് ഓവറോള്‍ ലീഡ്. സൗദി അറേബ്യയുടെ യസീദ് അല്റാജിയെക്കാള് ഒരു മിനിറ്റ് 51 സെക്കന്റ് മുന്നില്‍. ആറര മിനിറ്റോളം പിന്നില്‍ നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്‍അതിയ്യ നാലാം സ്ഥാനത്താണ്.
ബൈക്ക് വിഭാഗത്തില്‍ ഹോണ്ടയുടെ ഇഗനാസിയൊ കോര്‍ണിയൊ രണ്ടാം സ്റ്റെയ്ജില് വിജയിച്ചു. ബോട്സ്വാനയുടെ റോസ് ബ്രാഞ്ചിനാണ് ഓവറോള്‍ ലീഡ്. അല്‍ദവാദ്മിയില്‍ നിന്ന് അല്‍സലാമിയ വരെയുള്ള 438 കിലോമീറ്റര്‍ മണല്പരപ്പിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയുമാണ് തിങ്കളാഴ്ചത്തെ മൂന്നാം സ്റ്റെയ്ജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

