
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഇനി 2028 വരെ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാം.
40 ശതമാനം പോളിങ്ങാണ് ബംഗ്ലാദേശിൽ ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ് പോളിങ് കുറയാൻ കാരണമായത്. പോളിങ് സ്റ്റേഷനുകളിലൊരിടത്തും തിരക്കില്ലായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. രാജ്യത്തെ 300 പാർലമെന്റ് മണ്ഡലങ്ങളിൽ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്.
പ്രതിപക്ഷനിരയിലെ ചെറുപാർട്ടിയായ ജാത്തിയ 11 സീറ്റുകൾ നേടി. 62 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ഈ സ്വതന്ത്രരെല്ലാം ഭരണപക്ഷത്തിന്റെ തന്നെ സ്ഥാനാർത്ഥികൾ ആണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സ്വാതന്ത്രമാണെന്ന് വിദേശ നിരീക്ഷകരെ
അടകക്കം ബോധ്യപ്പെടുത്താൻ അവാമിലീഗ് ഡമ്മി സ്ഥാനാർത്ഥികളെ കളത്തിലിറക്കിയെന്നാണ് ആരോപണം. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ വിജയാഹ്ലാദം വേണ്ടെന്നാണ് ഹസീനയുടെ നിർദേശം. പ്രതിപക്ഷം നാമാവശേഷമാവുകയും ഏകകക്ഷി ഭരണം ആവർത്തിക്കുകയും ചെയ്യുന്ന ബംഗ്ലാദേശിൽ ജനാധിപത്യം ദുർബലമാകുന്നുവെന്ന ആശങ്ക കൂട്ടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഫലം
ആകെ സീറ്റുകൾ: 300
തെരഞ്ഞെടുപ്പ് നടന്നത്: 299
അവാമി ലീഗ്: 223
ജാത്തിയ പാർട്ടി: 11
കല്യാൺ പാർട്ടി: 1
സമാജ് താന്ത്രിക് : 1
വർക്കേഴ്സ് പാർട്ടി : 1
സ്വതന്ത്രർ: 62
Last Updated Jan 8, 2024, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]