ഏത് പ്രായത്തിലുള്ള ആളുകൾക്കും ഒരു പോലെ താൽപര്യമുള്ള ഒരു ആഭരണങ്ങളിലൊന്നാണ് മൂക്കൂത്തി. ഏത് തരം വസ്ത്രങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള മൂക്കുത്തികൾ ഇന്ന് ലഭ്യവുമാണ്.
അണിയുന്നവരുടെ ആശയങ്ങൾ വ്യക്തമാക്കുന്നത് മുതൽ അലങ്കാരമെന്ന രീതിയിൽ വരെ ആൺ പെൺ ഭേദമില്ലാതെ ഇന്നത്തെ കാലത്ത് മൂക്കൂത്തികൾ ധരിക്കുന്നുണ്ട്. മൂക്കിന്റെ ഒരു ഭാഗത്ത് കുത്തിയിടുന്ന ചെറിയ കല്ലുകളോട് കൂടിയ സ്റ്റഡ്, അൾട്രാ തിൻ ഹൂപ്പുകൾ, സ്റ്റേറ്റ്മെന്റ് നാത്ത്, വേദന താൽപര്യമില്ലാത്തവർക്ക് മൂക്ക് കുത്താതെ തന്നെ ധരിക്കാവുന്ന തരം മൂക്കുത്തികളും അങ്ങനെ തരാതരത്തിൽ സ്വർണത്തിലും വെള്ളിയിലും മറ്റ് പല രീതിയിലുള്ള ലോഹങ്ങളിലും നിർമ്മിതമായ മൂക്കൂത്തികൾ ഇന്ന് വിപണികളിൽ സുലഭമാണ്.
ഇന്ത്യയിൽ പല ഭാഗങ്ങളിലും സംസ്കാരങ്ങളുടെ ഭാഗമാണ് സ്ത്രീകൾ അണിയുന്ന വലുതും ചെറുതുമായ മൂക്കൂത്തികൾ. സൗന്ദര്യത്തിന് വേണ്ടി മൂക്കൂത്തി അണിയുന്നതിന് 1500 ബിസി വരെ പഴക്കമുണ്ടെന്നാണ് പുരാവസ്തുവിദഗ്ധർ വിശദമാക്കുന്നത്.
ലോകവ്യാപകമായി മൂക്കു കുത്തുന്ന രീതിയുണ്ടെങ്കിലും ഇന്ത്യയിൽ മൂക്കൂത്തിക്ക് ജനപ്രിയത കൂടുതലാണ്. എന്നാൽ ഈ മുക്കൂത്തിയാണ് ആഭരണങ്ങളിൽ ഏറ്റവും അപകടകാരിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അശ്രദ്ധമായ ഉപയോഗത്തിൽ ഇത്തിരി കുഞ്ഞൻ വരുത്തി വയ്ക്കുന്നത് വൻ അപകടം ഇത്തിരി കുഞ്ഞനായ മൂക്കൂത്തി എങ്ങനെ വില്ലനാവുന്നുവെന്നല്ലേ? കുസൃതികളായ കുട്ടികൾ അബദ്ധത്തിൽ പല വസ്തുക്കൾ ശ്വാസനാളിയിലും മൂക്കിലുമെല്ലാം കയറി ചികിത്സ തേടിയെത്തുന്നതും മരണം പോലെയുള്ള അപകടമുണ്ടാവുന്ന സംഭവങ്ങൾ വാർത്തകളിലൂടെ അറിയാൻ സാധിക്കാറുണ്ട്.
എന്നാൽ അടുത്തിടെയായി ഇത്തരത്തിൽ നിരവധി പേരുടെ ശ്വാസകോശത്തിൽ നിന്ന് നീക്കേണ്ടി വന്നത് മൂക്കൂത്തിയുടെ ഭാഗമാണ്. മൂക്കൂത്തിയുടെ കാണാതായ ചങ്കിരി(പിരി) വർഷങ്ങളായി തങ്ങളുടെ ശ്വാസകോശത്തിൽ തന്നെയുണ്ടെന്ന് പലരും അറിഞ്ഞിട്ട് പോലുമില്ലെന്നാണ് സമീപകാല സംഭവങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചി അമൃത ആശുപത്രിയിൽ ഇത്തരം കേസുകളുമായി എത്തിയത് പല പ്രായത്തിലുള്ള മൂന്ന് സ്ത്രീകളാണ്. പല സമയങ്ങളിലായി ചുമ അനുഭവപ്പെട്ടിരുന്നു എന്നതല്ലാതെ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇവർക്കുണ്ടായില്ലെന്നത് അത്ഭുതം മാത്രമെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടർ വിശദമാക്കുന്നത്.
ശ്വാസകോശത്തിലോ ശ്വാസനാളിയിലോ എന്തെങ്കിലും വസ്തുക്കൾ വന്ന് കുടുങ്ങിയാലോ തറച്ച് കയറിയാലോ തുടക്കത്തിലെ അസ്വസ്ഥതകൾ കഴിഞ്ഞാൽ ശരീരം അപര വസ്തുവിനെ പുറത്താക്കാനുള്ള പല ശ്രമങ്ങളും നടത്തും. ട്യൂമറിന് സമീനമായ മുഴകൾ അടക്കം രൂപപ്പെടാനും സാധ്യതയുണ്ട്.
ചിലപ്പോൾ ഗുരുതര കേസുകളിൽ ശസ്ത്രക്രിയയിലൂടെ അപര വസ്തു തങ്ങിയിട്ടുള്ള ഭാഗം മുറിച്ച് നീക്കേണ്ട അവസ്ഥ വരെ സംജാതമാകാറുണ്ടെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
അതിനാൽ തന്നെ മൂക്കൂത്തി അണിയുമ്പോൾ നിരന്തര ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫ് വിശദമാക്കുന്നത്. ജലദോഷമുള്ള സമയത്തോ ഉറക്കത്തിലോ മൂക്കൂത്തിയുടെ ഭാഗങ്ങൾ ശ്വാസകോശത്തിലെത്താതിരിക്കാനുള്ള മുൻ കരുതലുകൾ അണിയുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്റർവെൻഷണൽ പൾമനോളജി വിദഗ്ധനായ ഡോ.ടിങ്കു ജോസഫ് വിശദമാക്കുന്നത്.
ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോസ്കോപിയിലൂടെ ചില കേസുകൾ പരിഹരിക്കാൻ സാധിക്കുമെങ്കിലും ഗുരുതരമായ കേസുകളിൽ ശസ്ത്രക്രിയ മുഖേന ബാധിക്കപ്പെട്ട ശ്വാസകോശ ഭാഗം നീക്കേണ്ടി വരുമെന്നാണ് ഡോ.
ടിങ്കു ജോസഫ് നൽകുന്ന മുന്നറിയിപ്പ്. മൂക്കൂത്തി ഉപയോഗിക്കുമ്പോൾ ട്രെൻഡിന് പുറകേ പോയി ഗുരുതര പ്രശ്നങ്ങളിൽ ചാടരുതെന്ന മുന്നറിയിപ്പാണ് ഫാഷൻ എക്സ്പെർട്ടായ നീലിമ ബാബുരാജ് വിശദമാക്കുന്നത്.
ആകർഷകമായ ഡിസൈനുകളോട് കൂടി ഫാൻസി മൂക്കുത്തികൾ അപകടം വിളിച്ചുവരുത്തുമെന്നും നീലിമ സ്വന്തം അനുഭവത്തിൽ നിന്ന് വിശദമാക്കുന്നത്. സ്വർണം, വെള്ളി, വജ്രം എന്നിവയിൽ നിരവധി ട്രെൻഡിംഗ് മൂക്കുത്തികൾ നിലവിൽ ലഭ്യമാണ്.
മിക്ക ജ്വല്ലറികളും ഫാൻസി മൂക്കുത്തികളുടേതിന് സമാനമായ ഡിസൈനുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. ഫാൻസി മൂക്കൂത്തിയുടെ ചങ്കിരി ശ്വാസമെടുക്കുമ്പോഴും മൂക്ക് പിഴിയുമ്പോഴും ലൂസാവാനുള്ള സാധ്യതകളും ഏറെയാണ്.
സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് അലർജി സംബന്ധമായ പ്രശ്നങ്ങളും ഫാൻസി മൂക്കൂത്തി സൃഷ്ടിക്കാറുണ്ട്. അതിനാൽ തന്നെ സ്വർണം, വെള്ളി, വജ്ര മൂക്കൂത്തികളാണ് പൊതുവേ സുരക്ഷിതം.
ശ്വാസകോശത്തിലേക്ക് ആകസ്മികമായ മൂക്കൂത്തിയടെ ഭാഗങ്ങൾ എത്താനുള്ള സാധ്യത ഏറെയുള്ളത് സ്റ്റഡ് രൂപത്തിലുള്ള മൂക്കുത്തിക്കാണ്. ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ ഇത്തരം മൂക്കൂത്തികളുടെ ചങ്കിരി അഴിഞ്ഞ് പോവുന്നത് അറിയുക പോലുമില്ലെന്ന് നീലിമ വിശദമാക്കുന്നത്.
സ്റ്റഡുകളേക്കാൾ താരതമ്യേന സുരക്ഷിതം ചെറിയ വളയ രൂപത്തിലുള്ള മൂക്കുത്തികളാണ്. എന്നാൽ മിക്ക ആളുകളും സ്റ്റഡുകൾ ഇഷ്ടപ്പെടുന്നവരാണ്.
സ്റ്റഡ് മൂക്കുത്തികൾ അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൂക്കൂത്തി ശരിയായ രീതിയിൽ മുറുക്കിയിട്ടുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് ഉറപ്പ് വരുത്തുക.
അഴിഞ്ഞ് പോവുന്നില്ലെന്നും തിരഞ്ഞ് കണ്ടെത്താൻ സാധിക്കാത്ത രീതിയിൽ നഷ്ടമാവുന്നില്ലെന്നും ഉറപ്പാക്കുക. ജലദോഷം, ചുമ, ശ്വാസംമുട്ടൽ, അല്ലെങ്കിൽ മൂക്കിലെ അലർജികൾ എന്നിവയുള്ളവർ ആ സമയങ്ങളിൽ സ്റ്റഡ് ഒഴിവാക്കുന്നതാണ് ഉചിതം.
ഇടയ്ക്കിടെയുള്ള തുമ്മലും മൂക്കടപ്പും സ്റ്റഡ് അഴിഞ്ഞുപോകാൻ കാരണമാകും. ഇത് പകൽ സമയത്ത് ശ്രദ്ധിച്ചേക്കുമെങ്കിലും ഉറങ്ങുന്ന സമയത്ത് അഴിഞ്ഞ സ്റ്റഡ് മൂക്കിനുള്ളിലേക്ക് വഴുതിപ്പോകാൻ സാധ്യതയുണ്ട്.
അതുകൊണ്ട്, ഇത്തരം അലർജിയുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ദീർഘകാലം ധരിക്കുന്ന മൂക്കൂത്തി ഇടയ്ക്ക് വൃത്തിയാക്കാനും ശ്രദ്ധിക്കേണ്ട കാര്യമാണ്.
അണുബാധകളുണ്ടാവാതിരിക്കാൻ മൂക്കുത്തികൾ സ്ഥിരമായി വൃത്തിയാക്കുന്നത് സഹായിക്കുന്നുവെന്നാണ് നീലിമ ബാബുരാജ് വിശദമാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

