
കമ്പനി വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും തന്നെ പുറത്താക്കിയ ബോസിനെ എല്ലാവരുടേയും മുന്നിൽ വച്ച് ഉപദ്രവിച്ച് ജീവനക്കാരൻ. അവിടംകൊണ്ടും തീർന്നില്ല. അവിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ബോസിന്റെ ഐഫോൺ തകർക്കുകയും ചെയ്തു.
പൂനെയിലാണ് സംഭവം നടന്നത്. ചന്ദൻ നഗറിലെ ഓൾഡ് മുണ്ഡ്വ റോഡിലുള്ള കമ്പനിയുടെ ഓഫീസിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരുമണിക്കും ഇടയിലാണത്രെ സംഭവം. പിന്നാലെ, തന്നെ ജീവനക്കാരനെതിരെ ബോസ് പൊലീസിൽ പരാതിയും നൽകി. ചന്ദൻ നഗർ പൊലീസ് പറയുന്നത് പ്രകാരം, ഇൻസ്റ്റാ ഗോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് 31 -കാരനായ അമോൽ ശേഷാവു ധോബ്ലെ. ധോബ്ലെയാണ് തന്റെ ജീവനക്കാരനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് കമ്പനിയിലെ ജീവനക്കാരനായ സത്യം ഷിംഗ്വിക്കെതിരെ ഐപിസി 324, 504, 506, 427, മഹാരാഷ്ട്ര പൊലീസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരാതിയിൽ പറയുന്നതനുസരിച്ച് ഷിംഗ്വിക്കെതിരെ നിരവധി കസ്റ്റമേഴ്സ് പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇത് ഷിംഗ്വിയുടെ സ്വഭാവത്തെ കുറിച്ച് ഉടമയിൽ ആശങ്കയുണ്ടാക്കി. അതിനിടെ ഷിംഗ്വിയുമായി ബന്ധപ്പെട്ട് കിട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഉടമ ശ്രമിച്ചത്രെ. എന്നാൽ, ഇയാളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നാലെയാണ് കമ്പനിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ബോസായ ധോബ്ലെ ജീവനക്കാരനായ ഷിംഗ്വിയെ നീക്കം ചെയ്യുന്നത്.
തന്നെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ബോസ് പുറത്താക്കിയെന്നറിഞ്ഞ ഷിംഗ്വി രോഷാകുലനാവുകയായിരുന്നത്രെ. പിന്നാലെ, ഒരു മുളവടിയുമായി ഇയാൾ നേരെ ഓഫീസിലേക്ക് കയറിച്ചെന്നു. ബോസിന്റെ റൂമിൽ ചെന്ന ഇയാൾ ബോസിനെ കണ്ടമാനം ഉപദ്രവിക്കുകയും അയാളുടെ ഐഫോണടക്കം കേടു വരുത്തുകയുമായിരുന്നു എന്നും പരാതിയിൽ പറയുന്നു.
ഏതായാലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 7, 2023, 7:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]