
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആരോപണ വിധേയനായ ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന്. പൊലീസ് അന്വേഷണം ശക്തമായതോടെ ഒളിവിൽ പോകാനിരുന്ന റുവൈസിനെ ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. അഞ്ചാം തീയതിയാണ് വെഞ്ഞാറമൂട് സ്വദേശിയായ ഡോ.ഷഹ്ന മരിച്ചത്. മെഡിക്കൽ കോളജിന് സമീപമുള്ള ഫ്ലാറ്റ് മുറിയിലാണ് അബോധാവസ്ഥയിൽ കണ്ട ഷഹ്നയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഷഹ്ന പിജി വിദ്യാർത്ഥിയായിരുന്ന സമയത്ത് ഡോ. റുവൈസുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലം വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് ഷഹ്ന ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം. സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാണിച്ചുള്ള ഡോക്ടറുടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയതോടെ ഡോ. റുവൈസ് ഒളിവിൽ പോവുകയായിരുന്നു.
റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ ഒളിവിൽ പോയ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നും പിടിയിലാകുന്നത്. മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ പൊലീസ് പിടികൂടുന്നത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ആരോപണത്തിൽ വനിതാ കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനടക്കം സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ റുവൈസിനെതിരെ മെഡിക്കൽ പി ജി അസോസിയേഷനും നടപടിയെടുത്തു. സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും റുവൈസിനെ പുറത്താക്കിയതായി അസോസിയേഷൻ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More :
Last Updated Dec 7, 2023, 9:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]