
ദില്ലി: സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം സ്വന്തമാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാതെ ബി ജെ പി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിളക്കമാർന്ന ജയത്തിന് ശേഷം പുതിയ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ കരുതലോടെയുള്ള തീരുമാനത്തിലെത്താനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം എന്നാണ് വ്യക്തമാകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ആരൊക്കെയാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ബി ജെ പി ദേശീയ നേതൃത്വം നടത്തുന്നത്. പഴയ പടക്കുതിരകൾ മതിയോ പുതുമുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കണോ എന്ന കാര്യത്തിലടക്കമാണ് ചർച്ച നടക്കുന്നത്. മുഖ്യമന്ത്രിമാർക്കായുള്ള ചർച്ചകളിൽ 3 സംസ്ഥാനങ്ങളിലും പുതുമുഖങ്ങളെ ബി ജെ പി പരിഗണിക്കുന്നതായുള്ള സൂചനകളടക്കം പുറത്തുവന്നിട്ടുണ്ട്.
പൊതുവിൽ ഉയർന്ന എല്ലാ കാര്യങ്ങളിലും ചർച്ച നടത്താനായി ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് 3 സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര പ്രഖ്യാപിക്കുമെന്നാണ് ബി ജെ പിയിൽ നിന്നും പുറത്തുവരുന്നത്.
മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി ഡോ. രമൺ സിംഗ് എന്നിവർ വീണ്ടും മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബി ജെ പി ദേശീയ നേതൃത്വത്തിന്റേതാകും. ഛത്തീസ്ഗഡിലും വനിതാ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നതടക്കമുള്ള സാധ്യതകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ന് അന്തിമ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.
Last Updated Dec 7, 2023, 12:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]