
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മണ്ണൊരുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ പദയാത്ര നടത്തും. അടുത്തമാസം ആദ്യവാരത്തോടെ ഇരുപത് ലോക്സഭാ മണ്ഡലങ്ങള്‍ ചുറ്റിയുള്ള കേരളയാത്ര തുടങ്ങും. ക്രിസ്ത്യന്‍ സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈമാസം ഭവന സന്ദര്‍ശനങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു
ഒരു ലോക്സഭാ മണ്ഡലത്തില്‍ ഒരു ദിവസം. പാര്‍ട്ടി എ പ്ലസ് മണ്ഡലങ്ങളായി കാണുന്ന തിരുവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീവിടങ്ങളില് രണ്ടുദിവസം ചെലവഴിച്ചേക്കും. കെ സുരേന്ദ്രന് നയിക്കുന്ന പദയാത്രയില്‍ മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രനേതാക്കള്‍ വിശിഷ്ടാതിഥികളാവും. ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും കോളനികളുമെല്ലാം സന്ദര്‍ശിക്കും. വൈകീട്ടാണ് 15 കിലോമീറ്ററോളം നീളുന്ന പദയാത്ര. പതിനായിരത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. യാത്ര തലസ്ഥാനത്ത് എത്തുമ്പോഴേക്കും പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഉണ്ടാകും. ഏറെ സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഉദ്ഘാടനവും നിര്‍വഹിക്കും.
ഇതിനെല്ലാം മുന്നോടിയായി ഈമാസം മലയോര മേഖലയിലും തീരമേഖലയിലും പ്രാദേശി അടിസ്ഥാനത്തില്‍ സമ്പര്‍ക്കയാത്രകള്‍ സംഘടിപ്പിക്കും. നേരത്തെ തുടങ്ങിവച്ച ക്രിസ്ത്യന്‍ സഭകളുമായുള്ള ചങ്ങാത്തത്തിനുള്ള സ്നേഹയാത്രകള്‍ ക്രിസ്മിനോട് അനുബന്ധിച്ച് വീണ്ടും നടത്തും. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനോടുണ്ടായ അതൃപ്തി മാറ്റുക കൂടിയാണ് ലക്ഷ്യം. ഒപ്പം സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയെ രാഷ്ട്രീയ വിഷയമാക്കി അവതരിപ്പിക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയത്തിന്റെ തിളക്കം കേരളത്തിലും രാഷ്ട്രീയമായി പ്രതിഫലിക്കുമെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍
Last Updated Dec 7, 2023, 10:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]