ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ രാഷ്ട്രീയം ഇളകി മറിഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ നഗരത്തിലെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായി.
ദീർഘകാലമായി ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ നേതാക്കൾ ആധിപത്യം പുലർത്തുന്ന നഗരത്തിലെ രാഷ്ട്രീയത്തെ മംദാനിയുടെ വിജയവും വളർച്ചയും പിടിച്ചുലയ്ക്കുന്നു. അതോടൊപ്പം ഇസ്രായേലിലെ പ്രധാന നഗരമായ ജെറുസലേമിൽ ഉള്ളതിനേക്കാൾ കൂടുതൽ ജൂത ജനസംഖ്യയുടെ ന്യൂയോർക്കിൽ എങ്ങനെയാണ് പലസ്തീൻ അനുകൂലിയും നെതന്യാഹു-ട്രംപ് വിരുദ്ധനുമായ മംദാനി വിജയിച്ചതെന്നും ചോദ്യമുയരുന്നു.
ഒക്ടോബർ 7 സംഭവം അമേരിക്കൻ രാഷ്ട്രീയത്തിലും അലയൊലികൾ സൃഷ്ടിച്ചു. ഹമാസ് നടത്തിയ ഭീകരാക്രമണവും പിന്നീട് ഇസ്രായേൽ ഗാസയിൽ നടത്തിയ അധിനിവേശവും വലിയ ചർച്ചയായി.
ഗാസയിൽ കുട്ടികളെ കൊന്നതിന് ഇസ്രായേലിനെ ഒരു പക്ഷം അപലപിച്ചു, എന്നാൽ, മറുവശത്ത് ഹമാസാണ് അക്രമത്തിന് തുടക്കമിട്ടതെന്നും പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും വാദിച്ചു. മുൻനിര രാഷ്ട്രീയക്കാർ മൗനം പാലിച്ച ഈ സമയം, ഗാസയിലെ ജനങ്ങൾക്കൊപ്പമാണെന്ന ശക്തമാല നിലപാട് മംദാനി നിലകൊണ്ടു.
തെരഞ്ഞെടുപ്പുകളിൽ പിന്തുണ നിലനിർത്താൻ പല യുഎസ് രാഷ്ട്രീയക്കാരും ഈ വിഷയം ഒഴിവാക്കിയ സമയത്തായിരുന്നു മംദാനി ധൈര്യപൂർവം തന്റെ നിലപാട് വിളിച്ചുപറഞ്ഞത്. തുടർന്ന് ട്രംപ് അനുകൂലികൾ മംദാനിയെ ‘ജിഹാദിസ്റ്റ്’ എന്ന് വിളിച്ചിട്ടും അദ്ദേഹം കുലുങ്ങിയില്ല.
ചിലർ സെമൈറ്റ് വിരുദ്ധനെന്നും അദ്ദേഹത്തെ മുദ്രകുത്തി. പലസ്തീൻ-ഇസ്രായേൽ രാഷ്ട്രീയം കത്തിനിന്ന സമയത്തും ന്യൂയോർക്ക് നഗരത്തിലെ പത്ത് ലക്ഷത്തോളം ജൂതന്മാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലും ചർച്ചയായി.
ഇസ്രായേൽ-ഗാസ സംഘർഷത്തെക്കുറിച്ചുള്ള മംദാനിയുടെ നിലപാട് നഗരത്തിലെ ജൂത സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് നിശിതമായ വിമർശനത്തിന് ഇടയാക്കിയപ്പോൾ, മംദാനി നേരിട്ട് ജൂതരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ അവസാനം, അദ്ദേഹം റബ്ബികളുടെയും ജൂത നേതാക്കളുടെയും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ന്യൂയോർക്കിലെ ജൂതർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ജൂതവിരുദ്ധതയുടെ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. അങ്ങനെ, ന്യൂയോർക്ക് നഗരത്തിലെ ജൂത സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് മംദാനിക്ക് അപ്രതീക്ഷിത പിന്തുണ ലഭിച്ചു.
2025 ജൂലൈയിൽ നടത്തിയ ഒരു വോട്ടെടുപ്പിൽ ജൂത വോട്ടർമാർക്കിടയിൽ അദ്ദേഹം 17 പോയിന്റുകൾ മുന്നിലാണെന്ന് കണ്ടെത്തി. 43 ശതമാനം പേർ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ പ്രധാന എതിരാളിക്ക് 26 ശതമാനം മാത്രമേ പിന്തുണ ലഭിച്ചൂള്ളൂവെന്ന് ജൂത ടെലിഗ്രാഫിക് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹസിദിക് വോട്ടർമാരെ അഭിസംബോധന ചെയ്ത് യദിഷ് ഭാഷയിൽ കത്ത് പ്രസിദ്ധീകരിച്ചതുൾപ്പെടെ അദ്ദേഹത്തിന്റെ പ്രചാരണം ജൂത, ഹസിദിക് സമൂഹങ്ങളുമായി നേരിട്ട് ഇടപെട്ടു. അതോടൊപ്പം വിദേശ നയ നിലപാടുകളേക്കാൾ താങ്ങാനാവുന്ന വില, പാർപ്പിടം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന ചെറുപ്പക്കാരായ ലിബറൽ ജൂത വോട്ടർമാർമാർ മംദാനിയെ ഏറ്റെടു അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
മംദാനി പരസ്യമായി പലസ്തീൻ അനുകൂലിയാണ്. ഗാസയിലെ വംശഹത്യക്ക് ബെഞ്ചമിൻ നെതന്യാഹു ഉത്തരവാദിയാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും അധിനിവേശവും വർണ്ണവിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പലപ്പോഴും നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇസ്രായേലിനെയും നെതന്യാഹുവിനെയും ആവർത്തിച്ച് വിമർശിച്ചത് ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ അഭിപ്രായ വ്യാത്യാസമുണ്ടാക്കിയതോടെ നിലപാട് മാറ്റിയില്ലെങ്കിലും മംദാനി ശൈലിയിൽ മാറ്റം വരുത്തി.
ഇൻതിഫാദയെ ആഗോളവൽക്കരിക്കുക എന്ന പ്രയോഗത്തിൽ വ്യാപക വിമർശനം നേരിട്ടെങ്കിലും ജനാധിപത്യ സോഷ്യലിസ്റ്റായതിന് ഞാൻ ക്ഷമ ചോദിക്കാൻ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മംദാനിയുടെ വിജയം വ്യക്തിപരമായ ഒരു വിജയത്തിനപ്പുറമായാണ് ചർച്ച ചെയ്യുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ കാതലായ മാറ്റത്തെയും ഭവന നിർമ്മാണം, താങ്ങാനാവുന്ന വില, സാമൂഹിക നീതി തുടങ്ങിയ ക്ഷേമ പദ്ധതികളിലൂന്നിയ രാഷ്ട്രീയത്തിന്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു. പല യുഎസ് സംസ്ഥാനങ്ങളിലും പലപ്പോഴും സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നുപോകുന്നതിൽ ജനങ്ങൾക്കിടയിലെ അതൃപ്തിയെയും മംദാനിയുടെ വിജയം സൂചിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ വളരെക്കാലമായി ഇസ്രായേലിന് അനുകൂലമായി കണക്കാക്കപ്പെടുന്ന ഒരു നഗരത്തിൽ, മംദാനിയുടെ പലസ്തീൻ അനുകൂല നിലപാട് അദ്ദേഹത്തിന്റെ വിജയത്തെ ബാധിച്ചില്ലെന്നും അതോടൊപ്പം യുവ, പുരോഗമന, മുസ്ലീം, ദക്ഷിണേഷ്യൻ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിച്ചുവെന്നും വിജയം വ്യക്തമാക്കുന്നു. .സയണിസത്തെ ജൂതമതത്തിൽ നിന്ന് വേർതിരിച്ച് കാണണമെന്നാണ് ജൂതമതത്തിലെ ഉൽപ്പതിഷ്ണുക്കളുടെ അഭിപ്രായം.
ഗാസയിലെ ഇസ്രായേൽ സർക്കാരിന്റെ സൈനിക നടപടികളെ എല്ലാ ജൂതന്മാരും പിന്തുണയ്ക്കുന്നില്ല, കൂടാതെ പലരും സിവിലിയന്മാർക്കെതിരെ ബലപ്രയോഗത്തെ എതിർക്കുന്നു. നിർദ്ദിഷ്ട
നയങ്ങളെയോ സൈനിക നടപടികളെയോ വിമർശിക്കുന്നത് ജൂത ജനതയോടുള്ള ശത്രുതയല്ലെന്നും പലരും വിലയിരുത്തി. മംദാനിയുടെ പ്രചാരണം തൊഴിലാളിവർഗ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
യാത്രാക്കൂലിയില്ലാത്ത ബസുകൾ, വാടക മരവിപ്പിക്കൽ, നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ, സമ്പന്നരുടെ മേലുള്ള ഉയർന്ന നികുതികൾ എന്നിവയായിരുന്നു വാഗ്ദാനം. യുജെഎ-ഫെഡറേഷൻ ഓഫ് ന്യൂയോർക്ക് 2023 ജൂത കമ്മ്യൂണിറ്റി സ്റ്റഡി പ്രകാരം, എട്ട് കൗണ്ടി മേഖലയിലെ ഏകദേശം 20% ജൂത കുടുംബങ്ങളും ദരിദ്രരോ (12%) അല്ലെങ്കിൽ ദരിദ്രരോട് അടുത്ത് (8%) നിൽക്കുന്നവരോ ആണെന്നും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

