
പാലക്കാട്: സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പിൽ എംപി. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകൾ ആണ് സിപിഎം നടത്തുന്നത്. നിലവാര തകർച്ചയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്.
സ്ഥാനാർത്ഥിനിർണയം പോലെ തന്നെ വലിയ നിലവാര തകർച്ച പ്രചാരണ രംഗത്തും സിപിഎം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അവരുടെ സ്ഥാനാർത്ഥിയെ പോലും കാര്യം പറഞ്ഞ് ഫലിപ്പിക്കുവാൻ കഴിയുന്നില്ല. സ്ഥാനാർത്ഥി വിഭിന്നമായ മറ്റൊരു അഭിപ്രായമാണ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനാർത്ഥിയെ തള്ളിയിരിക്കുകയാണ്. എസ്പിയും എഎസ്പിയും നടത്തിയത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. പിറകിലെ കോണിയിലൂടെ ബിജെപിയെ മുകളിൽ കയറ്റുവാനുള്ള അജണ്ടയാണ് സിപിഎം പിന്തുടരുന്നത്. സാധാരണ കോൺഗ്രസിനെതിരെ ശക്തമായി രംഗത്ത് വരുന്ന പല സിപിഎം നേതാക്കളും ഇത് അബദ്ധമായി എന്ന തിരിച്ചറിവിനെ തുടർന്നാണ് പ്രതികരണത്തിന് പോലും തയ്യാറാകാത്തത്. ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട. അടുത്ത തിരഞ്ഞെടുപ്പിൽ വേണമെങ്കിൽ ചിഹ്നമായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പിൽ ഗവൺമെന്റിനെ ജനം വിലയിരുത്തുന്ന സാഹചര്യമുണ്ടാകരുത്. അതിനുവേണ്ടിയുള്ള പരാക്രമങ്ങളാണ് സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് നടത്തുന്നത്.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം അന്ന് ആ ഹോട്ടലിൽ എല്ലാവരും നേരിൽ കണ്ടതാണ്. കൊടകരയിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം വന്നു എന്ന് പോലീസ് റിപ്പോർട്ട് വരെ പുറത്തു വന്നിട്ട് ട്രോളി ബാഗ് പോയിട്ട്, ഒരു ചാക്ക് കൊണ്ടുപോലും സമരം ചെയ്യുവാൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞില്ല. രാത്രി വൈകി പോലീസ് ആരംഭിച്ച തിരച്ചിലിൽ പുലർച്ചയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ വരുന്നത്. എന്നിട്ടും അവർ സാക്ഷികളായി ഒപ്പിട്ടു നൽകി. അതിൽ അന്വേഷണം വേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും.
സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി എം ബി രാജേഷും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എക്കോയായി മാറുന്നത് അവസാനിപ്പിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് അവരുടെ സ്ഥാനാർത്ഥിയെക്കാൾ വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ്. റെയ്ഡിനു മുമ്പ് ബിജെപി സിപിഎം പ്രവർത്തകർ എങ്ങനെ ഒരുപോലെ അവിടെ എത്തി എന്നത് എല്ലാർക്കും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി നൽകുന്നതാണെന്നും ഷാഫി പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]