മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇരട്ട കൊലപാതക കേസിലെ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മരിച്ചവര്‍ക്കൊപ്പം തടിമില്ലില്‍ ജോലി ചെയ്തിരുന്നയാളാണ് ഗോപാല്‍ മാലിക്ക്. ആസാം സ്വദേശികളുടെ മരണശേഷം ഇയാളെ കാണാതായിരുന്നു.
കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹന്തോ, ദീപങ്കര്‍ ശര്‍മ എന്നിവരെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചിട്ടും ഭർത്താവിനെ കിട്ടാതായതോടെ കൂട്ടത്തില്‍ ഒരാളുടെ ഭാര്യ മില്ലുടമയെ വിവരം അറിയിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ മില്ലുടമ നാട്ടുകാരനായ ഷബാബിനോട് ചെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇരുവരും പുതച്ചുമൂടി കിടക്കുന്നതാണ് ഷബാബ് പുറത്ത് നിന്ന് കണ്ടത്. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ ആളുകളെ വിവരമറിയിച്ചു.
പൊലീസ് അന്വേഷണത്തിലാണ് മുറിയില്‍ മൂന്നാമനായി ഒഡീഷ സ്വദേശി ഗോപാല്‍ കൂടിയുണ്ടെന്ന വിവരം പുറത്തുന്നത്. ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുവരെയും കഴുത്തറത്ത് കൊന്നതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ ആളെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളു.
Last Updated Nov 7, 2023, 11:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]