
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം നജ്മുള്‍ ഹൊസൈന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ ബംഗ്ലാദേശ് 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇരുവരും പുറത്തായശേഷം വിജയത്തിന് അടുത്ത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞെങ്കിലും തൗഹിദ് ഹൃദോയിയും തന്‍സിം ഹസന് ഷാക്കിബും ചേര്‍ന്ന് ബംഗ്ലാദേശിന് ലോകകപ്പിലെ രണ്ടാം ജയം സമ്മാനിച്ചു. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 279ന് ഓള് ഔട്ട്, ബംഗ്ലാദേശ് 41.1 ഓവറില്‍ 282-7. തോല്‍വിയോടെ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശേഷം സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക.
ലങ്കന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ ഓപ്പണര്‍മാരായ തന്‍സിദ് ഹസനെയെും(9), ലിറ്റണ്‍ ദാസിനെയും(23) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അള് ഹസനും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ചേര്‍ന്ന് 169 റണ്‍സ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ 210 റണ്‍സിലെത്തിച്ചു. 65 പന്തില്‍ 82 റണ്‍സെടുത്ത ഷാക്കിബിനെയും 101 പന്തില്‍ 90 റണ്‍സടിച്ച ഷാന്റോയെയും വീഴ്ത്തി ഏയ്ഞ്ചലോ മാത്യൂസ് ബംഗ്ലാദേശിന് ഇരട്ടപ്രഹമേല്‍പ്പിച്ചെങ്കിലും മെഹ്മദ്ദുള്ള(22)യുടെ പോരാട്ടം അവരെ വിജയത്തിന് അടുത്തെത്തിച്ചു. മെഹ്മദുള്ളക്ക് പിന്നാലെ മുഷ്ഫീഖുര്‍ റഹീമും(10), മെഹ്ദി ഹസന് മിറാസും(3) പുറത്തായെങ്കിലും ഹൃദോയിയുടെയും തന്‍സിം ഹസന്റെയും പോരാട്ടം അവരെ വിജയവര കടത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ(105 പന്തില്‍ 108) സെഞ്ചുറിയുടെ കരുത്തിലാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. സദീര സമരവിക്രമ(41), പാതും നിസങ്ക(41), ധനഞ്ജയ ഡിസില്‍വ(34), മഹീഷ തീക്ഷണ(22) എന്നിവരുടെ പോരാട്ടമാണ് ലങ്കയെ 279 റണ്‍സിലെത്തിച്ചത്. ലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറക്കിയത് വിവാദമായിരുന്നു.
ലോകകപ്പിലെ ആറാം തോല്‍വിയോടെ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണ ലങ്കക്ക് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ജയിച്ചില്ലെങ്കില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക പ്രയാസമായിരിക്കും. ആദ്യ ഏഴ് സ്ഥാനക്കാരും ആതിഥേയരായ പാകിസ്ഥാനുമാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. ജയത്തോടെ ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്ക് കയറി.
Last Updated Nov 7, 2023, 8:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]