പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ 11ാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു. ക്ലാസിലെ ഇതര സമുദായത്തിൽപ്പെട്ട പെൺകുട്ടികളുമായി സംസാരിച്ചെന്ന പേരില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്കൂളിലെ സഹപാഠികള്‍ തന്നെയാണ് 16കാരനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ പ്രതിയാകുന്ന രീതിയിലുള്ള ജാതി ആക്രമണങ്ങള്‍ വർധിക്കുന്നതില്‍ പ്രത്യേക അന്വേഷണം വേണമെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.
വി വിഷ്ണുകുമാര്‍ എന്ന 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. പറൈയർ വിഭാഗത്തിലുള്ള വിദ്യാർത്ഥിയായിരുന്നു വിഷ്ണു. സ്കൂളിലേക്കുള്ള വഴിയിൽ വച്ച് വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കപ്പെടുകയുമായിരുന്നു. മേഖലയിലെ ഭൂരിപക്ഷ വിഭാഗമായ കല്ലാര്‍ സമുദായത്തിലുള്ള സഹപാഠിയായിരുന്നു അക്രമത്തിന് മുന്നില്‍ നിന്നത്. ഇതിന് പിന്നാലെ സ്കൂളിലേക്ക് മടങ്ങാതെ വീട്ടിലേക്ക് മടങ്ങിയ വിഷ്ണുവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പറൈയർ വിഭാഗം എസ് സി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കല്ലാർ വിഭാഗത്തിലെ സഹപാഠിയായ പെണ്‍കുട്ടിയുമായി വിഷ്ണു ചങ്ങാത്തത്തിലായതാണ് കല്ലാർ വിഭാഗത്തിലെ സഹപാഠിക്കള്‍ക്ക് പ്രകോപനം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക വിവരം.
പത്താം ക്ലാസ് വരെ ഒരേ സ്കൂളില്‍ പഠിച്ച പെണ്‍കുട്ടിയുമായി വ്യത്യസ്ത സ്കൂളിലായിട്ടും വിഷ്ണു ചങ്ങാത്തം തുടർന്നിരുന്നു. ചങ്ങാത്തം നിർത്തണമെന്ന് കല്ലാര്‍ വിഭാഗത്തിലെ വിദ്യാർത്ഥികള്‍ വിഷ്ണുവിനെ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. മർദ്ദനമേറ്റ് തിരികെ വീട്ടിലെത്തിയ വിഷ്ണു തനിക്ക് നേരിട്ട അക്രമത്തെക്കുറിച്ച് മുത്തച്ഛനോട് സംസാരിച്ചിരുന്നു. സംഭവത്തില്‍ പൊലീസിനെ സമീപിക്കാമെന്ന് വിഷ്ണുവിന്റെ രക്ഷിതാക്കൾ വിദ്യാർത്ഥിക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഇതിനിടയിലാണ് 16കാരന് ജീവനൊടുക്കിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, എസ് സി വിഭാഗത്തിനെതിരായ അതിക്രമം അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാതി അക്രമം പുതുക്കോട്ടെ മേഖലയില്‍ വർധിക്കുകയാണെന്നാണ് പരാതി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 7, 2023, 10:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]