വിവാഹത്തിന് പ്രായമുണ്ടോ എന്ന് ചോദിച്ചാല്‍, ശരിക്കുമൊന്ന് ചിന്തിച്ച് ഉത്തരം പറയുകയാണെങ്കില്‍ ഏവരും ഇല്ല എന്നായിരിക്കും പറയുക. കാരണം അറുപതും എഴുപതും വയസ് പ്രായമുള്ളവര്‍ വരെ വിവാഹം കഴിക്കുന്നുണ്ട്. ഇതെല്ലാം തീര്‍ത്തും വ്യക്തിപരമായ തീരുമാനം- സന്തോഷം എന്നിവയാണ്.
എങ്കിലും വിവാഹത്തിന് ‘നാട്ടുനടപ്പ്’ അനുസരിച്ച് പ്രായമുണ്ട്. അതുകൊണ്ട് തന്നെ അവിവാഹിതരായി തുടരുന്നവര്‍ എപ്പോഴും വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതും നമ്മുടെ നാട്ടില്‍ സാധാരണമാണ്.
പ്രത്യേകിച്ച് സെലിബ്രിറ്റികള്‍- പ്രശസ്തരായ വ്യക്തികള്‍ എല്ലാമാണ് ഇത്തരത്തില്‍ ‘സിംഗിള്‍’ ആയി തുടരുന്നതില്‍ ഏറെയും ചോദ്യങ്ങള്‍ നേരിടുക. ഇവരുടെ ജീവിതം എപ്പോഴും പരസ്യമായി കിടക്കുന്നതിനാലാകാം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും.
ഇതുപോലെ വിവാഹത്തെ കുറിച്ച് ഏറെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നൊരു സെലിബ്രിറ്റിയാണ് ബോളിവുഡ് നടി തബു. ഇപ്പോള്‍ 52 വയസ് തികഞ്ഞിരിക്കുകയാണ് തബുവിന്. സന്തോഷ ജന്മദിനം നേരുന്നതിനൊപ്പം പലരും വിവാഹമായില്ലേ എന്ന പഴകിയ ചോദ്യം തബുവിനോട് ആവര്‍ത്തിക്കുന്നുണ്ട്.
ഇതിനിടെ തബു തന്റെ ‘സിംഗിള്‍’ ജീവിതത്തെ കുറിച്ചും തന്റെ സന്തോഷങ്ങളെ കുറിച്ചും ചിന്താഗതിയെ കുറിച്ചുമെല്ലാം പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഒരഭിമുഖത്തിനിടെയാണ് തബു ഇക്കാര്യങ്ങളെല്ലാം പങ്കുവയ്ക്കുന്നത്.
നമ്മുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് അല്ലാതെ പല സ്രോതസുകളില്‍ നിന്നും നമ്മെ തേടി സന്തോഷമെത്താം എന്നാണ് തബു പറയുന്നത്.
‘നമ്മള് തനിച്ചാണെങ്കില്‍ നമുക്കൊരുപക്ഷേ നമ്മുടെ ഏകാന്തതയെയോ ഒറ്റപ്പെടലിനെയോ എല്ലാം കൈകാര്യം ചെയ്യാം. എന്നാല്‍ നമുക്ക് യോജിക്കാത്തൊരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനെക്കാളെല്ലാം അപ്പുറത്തുള്ള മോശം അവസ്ഥയിലേക്കാണത് നയിക്കുക…
… ഒരു സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അല്പം കോംപ്ലിക്കേറ്റഡ് തന്നെയാണ്. കുട്ടിയായിരിക്കുമ്പോള്‍ അല്ലെങ്കില്‍ ചെറുപ്പത്തില്‍ നമുക്ക് സ്നേഹത്തെ കുറിച്ചൊരു സങ്കല്പമുണ്ടായിരിക്കും. പിന്നീട് വളരുമ്പോള്‍ പുതിയ അനുഭവങ്ങള്‍ നമ്മെ തേടിയെത്തുമ്പോള്‍ വേറെ തിരിച്ചറിവുകളാണ് വരുന്നത്. എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. ഞാനതിന് വേണ്ടി നിന്നില്ലായിരുന്നെങ്കില്‍ ഞാൻ എന്നോടും എന്റെ കഴിവിനോടും തന്നെ കാണിക്കുന്ന എത്ര വലിയ അനീതിയായി മാറിയേനെ അത്…
… നല്ലൊരു റിലേഷൻഷിപ്പ് എന്നാല്‍ അതില്‍ രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ ഉണ്ടായിരിക്കെ തന്നെ വളര്‍ച്ച കൈവരിക്കലാണ്. വ്യക്തികള്‍ സ്വതന്ത്രരായിരിക്കണം- അല്ലാതെ അടിച്ചമര്‍ത്തപ്പെടുകയല്ല വേണ്ടത്. എനിക്കറിയാം എന്റെ ചിന്താഗതി അല്പം വ്യത്യസ്തമാണ്. ഒരുദാഹരണം പറയാം. റിലേഷൻഷിപ്പില്‍ സ്ത്രീയെയും പുരുഷനെയും ഞാൻ വെവ്വേറെ ആയിട്ടേ കാണുന്നില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ആ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?…’- തബു പറയുന്നു.
തബുവിന്റെ ഈ വാക്കുകള്‍ നിരവധി പേരുടെ ശ്രദ്ധയാണ് കവര്‍ന്നിരിക്കുന്നത്. മുമ്പും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും തബു പരസ്യമായി പറഞ്ഞിട്ടുണ്ട്. നടൻ അജയ് ദേവ്ഗണുമായുള്ള ബന്ധമാണ് തബു അവിവാഹിതയായി തുടരാനുള്ള കാരണമെന്ന് മുമ്പൊരു അഭിമുഖത്തിലെ ചില ഭാഗങ്ങളെ മാത്രം മുൻനിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, കൗമാരകാലഘട്ടത്തിലേ ഉള്ള സൗഹൃദമാണെന്നായിരുന്നു തബു പ്രതികരിച്ചിരുന്നത്. തബു തന്നെ നേരിട്ട് വ്യക്തമാക്കിയതാണെങ്കിലും ഇപ്പോഴും അജയ് ദേവ്ഗണുമായി ചേര്‍ത്തുവച്ചുള്ള ചര്‍ച്ചകള്‍ തബുവിനെ ചുറ്റിപ്പറ്റി വരാറുണ്ട് എന്നതാണ് സത്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]