രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ താരമാണ് ആഞ്ചലോ മാത്യൂസ്. (angelo mathews timed out)
ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഹെൽമറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ ചെയ്തു. മാത്യൂസ് തൻ്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറായില്ല. ഇതോടെ, നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 28 ഓവർ അവസാനിക്കുമ്പോൾ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ്. കുശാൽ പെരേര (4), പാത്തും നിസങ്ക (41), കുശാൽ മെൻഡിസ് (19), സദീര സമരവിക്രമ (41), ആഞ്ചലോ മാത്യൂസ് (0) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷാക്കിബ് രണ്ട് വിക്കറ്റ് വീഴ്ത്തി. ചരിത് അസലങ്കയും (42) ധനഞ്ജയ ഡിസിൽവയും ക്രീസിൽ തുടരുകയാണ്.
Story Highlights: angelo mathews timed out bangladesh cricket world cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]