കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ആഡംബര കാർ വിട്ടുനൽകുന്ന കാര്യത്തിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വാഹനത്തിന്റെ ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ആവശ്യം നിരസിക്കുകയാണെങ്കിൽ കാരണം വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, അന്വേഷണത്തിന്റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു.
കസ്റ്റംസ് നടപടി മുൻവിധിയോടെയാണെന്നും താൻ സമർപ്പിച്ച രേഖകൾ പോലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും ആരോപിച്ചാണ് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വിദേശത്തുനിന്നും നിയമലംഘനം നടത്തി ഇറക്കുമതി ചെയ്ത വാഹനമാണിതെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കസ്റ്റംസ് മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഹർജി ഹൈക്കോടതിയിൽ നിലനിൽക്കില്ലെന്നും കസ്റ്റംസിന്റെ അപ്പലറ്റ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നും കസ്റ്റംസ് വാദിച്ചു. പിടിച്ചെടുത്ത മൂന്ന് വാഹനങ്ങളിൽ ഒന്നിനുവേണ്ടി മാത്രം ദുൽഖർ കോടതിയെ സമീപിച്ചതിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
വിശദമായ വാദം കേട്ട ശേഷമാണ് കോടതി, ദുൽഖറിന്റെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണറോട് നിർദേശിച്ചത്.
ദുൽഖറിന്റെ ഭാഗം കേൾക്കുകയും അന്വേഷണ വിവരങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കണം. വാഹനം വിട്ടുനൽകാൻ സാധിക്കില്ലെങ്കിൽ കാരണം വിശദീകരിച്ച് ഉത്തരവിറക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു.
വാദം കേൾക്കുന്നതിനിടെ കോടതി കസ്റ്റംസിനോട് നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചു. നിരവധി ഉടമകൾ കൈമാറിവന്ന വാഹനത്തിൽ നിലവിലെ ഉടമയായ ദുൽഖറിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും, തട്ടിപ്പ് എന്തുകൊണ്ടാണ് ഇപ്പോഴാണോ കണ്ടെത്തിയതെന്നും കോടതി ചോദിച്ചു.
ഓരോ വാഹനത്തിലെയും ക്രമക്കേടുകൾ പ്രത്യേകം വ്യക്തമാക്കാനും കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചത്.
അതേസമയം, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത 34 വാഹനങ്ങൾ ഉടമകൾക്ക് തന്നെ തിരികെ നൽകി. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഈ വാഹനങ്ങൾ റോഡിലിറക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇവ തിരികെ നൽകിയിരിക്കുന്നത്.
എന്നാൽ ദുൽഖർ സൽമാന്റെയും നടൻ അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ അന്വേഷണം തുടരുന്നതിനാൽ കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. പിടിച്ചെടുക്കാനുള്ള പല വാഹനങ്ങളും സംസ്ഥാനം വിട്ടതിനാൽ അന്വേഷണ സംഘത്തിന് കൂടുതൽ നടപടികളിലേക്ക് നീങ്ങാൻ കഴിഞ്ഞിട്ടില്ല.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]