തിരുവനന്തപുരം-അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കും.റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 18 ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. ‘റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ ഉപരോധം’ എന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർ വിളംബര ജാഥ സംഘടിപ്പിക്കും.18 ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ രാവിലെ ആറു മുതൽ സെക്രട്ടറിയേറ്റ് ഉപരോധിക്കും.മറ്റു ജില്ലകളിൽ നിന്നുള്ളവർ ആശാൻ സ്ക്വയറിൽ കേന്ദ്രീകരിച്ച് പദയാത്രയായി സെക്രട്ടറിയേറ്റിലേക്ക് നീങ്ങും.എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുക, കോവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്തയിനത്തിൽ റേഷൻ കടക്കാർക്ക് നൽകാനുള്ള 48 കോടി രൂപ കമ്മീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക എന്നിവ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് ഉപരോധം.
സർക്കാരിന്റെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസ്സുകൾക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് കുറ്റവിചാരണ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. സർക്കാരിനെതിരെ തയാറാക്കുന്ന ഈ കുറ്റപത്രത്തിലൂടെ തകരുന്ന കേരളത്തിന്റെ യഥാർഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റവിചാരണ ജനസദസ്സ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത യു.ഡി.എഫ് ഏകോപന സമിതി അന്തിമ തീരുമാനമെടുക്കും.
കരകുളം കൃഷ്ണപിള്ള ചെയർമാനും അബ്ദുൾ ഹമീദ് എംഎൽഎ, എം.പി.സാജു എന്നിവർ കൺവീനർമാരുമായി യു.ഡി.എഫ് രൂപം നൽകിയ സഹകരണ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ 16 ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കുന്നതിന് മുന്നണി യോഗം തീരുമാനിച്ചു. ‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറുങ്കിലടക്കൂ’ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന സഹകാരി സംഗമത്തിൽ യു.ഡി.എഫ് അനുകൂലികളായ സഹകാരികൾ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള മുതിർന്ന യു.ഡി.എഫ് നേതാക്കളും സംഗമത്തിൽ പങ്കെടുക്കും.
സഹകരണ സംഘങ്ങളിൽ സി.പി.എം നടത്തുന്ന കൊള്ളക്കെതിരെ യു.ഡി.എഫ് സമരം വ്യാപിപ്പിക്കും.
കേന്ദ്ര സർക്കാർ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന സെമിനാറുകളിലും ചർച്ചകളിലും യു.ഡി.എഫ് സഹകാരികൾ പങ്കെടുക്കും. എന്നാൽ ഇടതുപക്ഷവുമായി ചേർന്ന് സംയുക്ത സമ്മേളനങ്ങളോ സമരങ്ങളോ നടത്തില്ലെന്നും എം.എം.ഹസൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]