
ആര്യനാട്: വീട്ടിലെ മലിന ജലം പുറത്തേക്ക് ഒഴുകുന്ന പൈപ്പിൽ കയറി ഒളിച്ച കൂറ്റൻ പെരുമ്പാമ്പിനെ വലിച്ചെടുത്ത് ചാക്കിലാക്കി ആർ ആർ ടി അംഗം റോഷ്നി. ആര്യനാട് ചുഴ രവിയുടെ വീട്ടിൽ നിന്നും വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീടിന്റെ പരിസരത്ത് ഭീതി പരത്തിയ പെരുമ്പാമ്പ് പൈപ്പിനുള്ളിലേക്ക് കയറി പോവുകയായിരുന്നു.
വീട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് പരുത്തിപള്ളി ആർ ആർ ടി അംഗം റോഷ്നി സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. മലിന ജലം ഒഴുക്കി കളയാനുള്ള 15 മീറ്ററോളം നീളമുള്ള പൈപ്പിനകത്താണ് പെരുമ്പാമ്പ് കയറിയത്. സിമൻറ് കെട്ടുകളും പൈപ്പും ഒക്കെ പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. 2 മണിക്കൂറോളം ക്ഷമയോടെ പരിശ്രമിച്ചാണ് പാമ്പിനെ ചാക്കിലാക്കിയത്.
പിടികൂടിയ പാമ്പിന് 10 അടിയിൽ അധികം നീളവും 25 കിലോ ഭാരവുമുണ്ടായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. രണ്ട് മാസം മുൻപ് കോട്ടൂർ പാറക്കോണം തോട്ടിൽ നിന്ന് സമാനമായ നിലയിൽ 25 കിലോ ഗ്രാം ഭാരവും 12 അടി നീളവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. നാട്ടുകാർ വിവരമറിയിച്ച് അന്നും പരുത്തിപള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നിയാണ് തോട്ടിലിറങ്ങി പാമ്പിനെ പിടിച്ചത്. റോഷ്നി പാമ്പിനെ വാലിൽ പിടിച്ച് കരക്കിട്ട ശേഷം ചാക്കിലേക്ക് മാറ്റുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
Last Updated Oct 7, 2023, 1:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]