
കൊച്ചി: പറക്കണമെന്ന് ആഗ്രഹം പറയുന്ന സുഹൃത്തിനെ മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പൊക്കിയെടുത്ത് ആകാശത്തേക്ക് എറിയുന്നതും പിടിക്കുന്നതുമായ റീലുകള്‍ തരംഗമായിരുന്നു. അങ്ങനെ പറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു ജെറ്റ് സ്യൂട്ട്. കൊച്ചിയുടെ ആകാശത്ത് പുത്തന്‍ കാഴ്ചയൊരുക്കിയിരിക്കുകയാണ് ജെറ്റ് സ്യൂട്ട് പ്രദര്‍ശനം. സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം എഡിഷനിലാണ് പറക്കും മനുഷ്യനെ അവതരിപ്പിച്ചത്.
രണ്ട് ദിവസം നീണ്ടനില്‍ക്കുന്ന കൊക്കൂണ്‍ ഫെസ്റ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. പൊരിവെയിലത്ത് ഹെലിപ്പാഡിന് ചുറ്റും ജനക്കൂട്ടം. വേദിയില്‍ ഗവര്‍ണറടക്കം ഉന്നതരാണുള്ളത്. അവര്‍ക്കിടയിലേക്കാണ് പറക്കും മനുഷ്യന് നടന്നെത്തിയത്. നടന്നുവന്നൊരു പൊസിഷനില്‍ നിന്നു. പ്രത്യേക ആക്ഷനില്‍ പറന്നുയര്‍ന്നു. സൈബര്‍ ലോകത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ അങ്ങനെ ജെറ്റ് സ്യൂട്ട് താരമായി.
റോബോര്‍ട്ടുകളും പുത്തന്‍ സാങ്കേതിക വിദ്യകളുമെല്ലാം പതിവുപോലെ കൊക്കൂണിലുണ്ട്. കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂണ്‍ ഫെസ്റ്റ് നടത്തുന്നത്. സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസാണ് കൊക്കൂണ്‍.
ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളർച്ചയെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾ അടക്കം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണിൽ പ്രദർശിപ്പിച്ചത്. പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നിങ്ങനെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയിൽ 2017 ൽ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രിയൽ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിയ്ക്കൂറിൽ 80 മൈൽ വരെ വേഗത്തിൽ ഇതിൽ പറക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള നവീന ആശയങ്ങൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നവീന സംരംഭങ്ങൾ കൊക്കൂൺ വേദിയിൽ എത്തിക്കുന്നത്.
Last Updated Oct 6, 2023, 8:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]