
തൃശൂർ – സഹകരണ മേഖലയെ തകർക്കുന്ന ബി.ജെ.പി-സി.പി.എം കുതന്ത്രങ്ങളെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘സഹകരണ മേഖലയെ സംരക്ഷിക്കുക’, ‘ബാങ്ക് തട്ടിപ്പ് നടത്തിയ ഉന്നതർക്കെതിരെ നടപടി സ്വീകരിക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങൾ. അമിതമായ സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങളും വഴി വിട്ട ഇടപെടലുകളും സഹകരണ ബാങ്കുകളുടെ തകർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
അഴിമതിയിലൂടെ സഹകരണ മേഖല നശിച്ചു പോയതിന് ഗുജറാത്തിന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. അതിൽ ഇടപെടാത്ത ഇ.ഡി കേരളത്തിലത്തിൽ ഇത്ര താൽപര്യം കാണിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം.കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ഇടപെടലിന് വഴിയൊരുക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. നിരവധി പേരുടെ പണം അപഹരിക്കപ്പെട്ടിട്ടും പാർട്ടി നേതാക്കൾ ആരോപണ വിധേയരായതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താതെ ന്യായീകരണ നയം സ്വീകരിക്കുകയാണ് സി.പി.എം. ധാരാളം മനുഷ്യരുടെ സമ്പാദ്യവും ജീവിതവും ഇല്ലാതാക്കിയ ഗുരുതര കുറ്റത്തിനെതിരെ സമഗ്രമായ അന്വേഷണം വേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുന്നതിൽ തന്നെ തട്ടിപ്പിന്റെ ആഴം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരകളായ പലരും സൂചിപ്പിച്ചതു പോലെ പല ഉന്നതരെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ സഹകരണ സംവിധാനങ്ങളെയും പൊതു സംരംഭങ്ങളെയും തകർക്കാനും അതുവഴി അധികാരത്തിലേക്ക് എത്താനും ശ്രമിക്കുന്ന ബി.ജെ.പി യുടെ ഫാസഷിസ്റ്റ് നടപടികൾക്ക് ഇടം നൽകുന്ന വലിയ വീഴ്ചയാണ് ഇതിൽ കേരള സർക്കാരിന് സംഭവിച്ചിട്ടുള്ളത്.ഇ.ഡിയെ ഒരു സ്വതന്ത്ര ഏജൻസിയായി കണക്കാക്കാനാവില്ല. കൊടകരയിലെ കുഴൽപണക്കേസിൽ കാണിക്കാത്ത ഉത്സാഹം ഇ.ഡിക്ക് കരുവന്നൂരിൽ ഉണ്ടാകുന്നു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന കേന്ദ്ര സർക്കാരറിന്റെ ഉപകരണമായി ഇ.ഡി മാറിക്കഴിഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് കുട്ടിച്ചോറാക്കിയ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ജനകീയ മുന്നേറ്റം ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ ജില്ലാ പ്രസിഡന്റ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയിലെ അഴിമതികളുടെ ഇരയായ അനിൽ കുന്നത്ത്, മാധ്യമ പ്രവർത്തകൻ ഐ. ഗോപിനാഥ്, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ഉമൈറ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹംസ എളനാട്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞിപ്പ, കെ.കെ. ഷാജഹാൻ, സരസ്വതി വലപ്പാട്, റഫീഖ് കാരിക്കോട് തുടങ്ങിയവർ സംസാരിച്ചു. ഇ.എ. റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]