
തട്ടം വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ പരാമർശമാണ് ഏറെ വിവാദമായത്
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പി എം എ സലാമിന്റെ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് സമസ്തയുടെ പോഷക സംഘടനകൾ. അടിയന്തിര നടപടിയാവശ്യപ്പെട്ട് മുസ് ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മതപണ്ഡിതരെ തുടർച്ചയായി അവഹേളിക്കുന്നത് തടയണമെന്നും കത്തിലുണ്ട്.
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമർശമാണ് ഏറെ വിവാദമായത്. വഖഫ് പ്രക്ഷോഭത്തിൽ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാമിന്റ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയവുമായി നടന്ന പാര്‍ട്ടിയോടുള്ള സമീപനം അവര്‍ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്റെ വിമര്‍ശനം. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പിഎംഎ സലാമിനെതിരെ വ്യാപകമായ എതിർപ്പ് പ്രചരിക്കുന്നതിനിടെയാണ് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കൾ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും അയച്ചത്.
സമീപകാലത്ത് ലീഗ് ഉന്നത നേതാക്കൾ മതപണ്ഡിതരെ അവഹേളിക്കുന്നത് സ്ഥിരമാക്കിയെന്നും ഇത് തടയണമെന്നും കത്തിലുണ്ട്. ലീഗ് സംസ്ഥാന വൈസ പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി കഴിഞ്ഞ ദിവസം ധർമ്മടത്ത് നടത്തിയ പ്രസംഗത്തിൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനെതിരെ നടത്തിയ പരാമർശവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലീഗ് നേതൃത്വം ഇടപെട്ട് അടിയന്തിര പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമസ്ത പോഷക സംഘടനാനേതാക്കളുടെ തീരുമാനം. വഖഫ് പ്രശ്നത്തിൽ തുടങ്ങിയ ലീഗ് – സമസ്ത ഭിന്നത, ലോക് സഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ലീഗ് കൂടുതൽ പ്രതിസന്ധിയാവുകയാണ്.
Readmore… ഹർകിഷൻ സിംഗ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകൾ തട്ടം മാറ്റാൻ നടക്കുന്നു; മുസ്ലീം ലീഗ്
Last Updated Oct 6, 2023, 10:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]