
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാഞ്ചി – പ്രസവ ശേഷം മരണപ്പെട്ട അവിവാഹിതയായ യുവതിയുടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് അറസ്റ്റിലായത്. വെസ്റ്റ് സിങ്ബും ജില്ലയിലെ മനോഹര്‍പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്നി ചാംപിയ എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ മരിച്ചത്. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ഇവരെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് ആണ് കുഞ്ഞിന് ജന്മം നല്കിയ യുവതി ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടു. തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയുടെ കുഞ്ഞിനെ തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന ഗുഡ്ഡി ഗുപ്ത എന്ന സ്ത്രീയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് നിര്‍ത്താതെ കരയുന്നുവെന്നും ബഹളമുണ്ടാക്കുന്നുവെന്നും പറഞ്ഞ് ഇവര്‍ കുഞ്ഞിനെ തിരികെ നല്കാന് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും ഇവര്‍ക്ക് വില്പന നടത്തിയ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.