

First Published Oct 6, 2023, 8:39 PM IST
സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നർഗസ് മുഹമ്മദിയ്ക്കാണ്. ഇറാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ നിരന്തരം പോരാടുന്ന നർഗസ് ഇപ്പോഴും ഉള്ളത് ജയിലിലാണ്. ‘സ്വാതന്ത്ര്യ സമര സേനാനി’ എന്നാണ് നൊബേൽ കമ്മിറ്റി ആ ധീരവനിതയെ വിശേഷിപ്പിച്ചത്. വളരെ കാലങ്ങളായി സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം തന്നെ രാജ്യത്ത് നിലനിൽക്കുന്ന വധശിക്ഷയ്ക്കെതിരെയും നർഗസ് പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്നുണ്ട്. നര്‍ഗീസ് മുഹമ്മദിയെ കുറിച്ച് ചിലത്…
2010 മുതൽ തുടർച്ചയായി തെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണ് നർഗസ്. തടവറയ്ക്ക് അകത്ത് നിന്നുപോലും അതിക്രമങ്ങളെ കുറിച്ച് അവർ ശബ്ദമുയർത്തുകയും അത് പുറം ലോകത്തെത്തിക്കുകയും ചെയ്തു. 51 -കാരിയായ നർഗസിനെ 13 തവണയാണ് അറസ്റ്റ് ചെയ്തത്. അതിൽ അഞ്ച് തവണ ശിക്ഷിക്കപ്പെട്ടു. 31 വർഷത്തെ തടവും നർഗസിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ 154 തവണ ചാട്ടവാറടിയേൽക്കേണ്ടി വന്നു അവർക്ക്.
നർഗസിന്റെ ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ടാഗി റഹ്മാനി അവരുടെ രണ്ട് കുട്ടികളുമായി പാരീസിൽ കഴിയുകയാണ്. വർഷങ്ങളായി അവർ പരസ്പരം കണ്ടിട്ടില്ല. ടാഗി റഹ്മാനിയും ഇറാനിൽ രാഷ്ട്രീയപ്രവർത്തനത്തെ തുടർന്ന് ജയിലിൽ കഴിഞ്ഞ ആളാണ്.
സ്സൻജസിലെ മിഡിൽക്ലാസ് കുടുംബത്തിലാണ് നർഗസ് ജനിച്ച് വളർന്നത്. അമ്മയുടെ വീട്ടിൽ രാഷ്ട്രീയക്കാരായിരുന്നു ഏറെയും. 1979 -ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമ്മയുടെ സഹോദരനടക്കം ആ കുടുംബത്തിലെ പലരും അറസ്റ്റിലായി. ഒരുദിവസം ടെലിവിഷനിൽ അവളുടെ കസിന്റെ പേര് കൊല്ലപ്പെട്ട തടവുകാരുടെ പേരിനൊപ്പം തെളിഞ്ഞുവന്നു. അവളുടെ അമ്മ ആ വാർത്ത കണ്ട് അലറിക്കരഞ്ഞു. അന്നുതൊട്ടിങ്ങോട്ട് നർഗസ് വധശിക്ഷയ്ക്കെതിരെ പോരാടിയിട്ടുണ്ട്.
ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നർഗസ് എഞ്ചിനീയറായിട്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പഠനസമയത്ത് വിദ്യാർത്ഥികളുടെ പത്രത്തിന് വേണ്ടി എഴുതിക്കൊണ്ട് തന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി അവർ തന്റെ ശബ്ദമുയർത്തി. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനയുടെ യോഗത്തിൽ പങ്ക് ചേർന്നതിന് രണ്ട് തവണ അറസ്റ്റിലായി. 2009 -ൽ ജയിൽ ശിക്ഷ കൂടി അനുഭവിക്കേണ്ടി വന്നതോടെ നർഗസിന് എഞ്ചിനീയർ തസ്തിക തന്നെ നഷ്ടപ്പെട്ടു.
വിവിധ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി നർഗസ് ജേണലിസ്റ്റായി പ്രവർത്തിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടിയും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും അവർ എഴുതി.
അവർ ഇറാന്റെ സാമൂഹിക പരിഷ്കാരത്തിന് വേണ്ടി നിരവധി ലേഖനങ്ങൾ എഴുതി. ‘ദ റിഫോംസ്, ദ സ്ട്രാറ്റജി, ആൻഡ് ദ ടാക്റ്റിക്സ്’ എന്ന ഉപന്യാസങ്ങളുടെ ശേഖരം അവർ പ്രസിദ്ധീകരിച്ചു. നർഗസിന്റെ ‘വൈറ്റ് ടോർച്ചർ: ഇന്റർവ്യൂസ് വിത്ത് ഇറാനിയൻ വിമൻ പ്രിസണേഴ്സ്’ എന്ന പുസ്തകം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൽ റിപ്പോർട്ടിംഗിനുള്ള അവാർഡും നേടി.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന 19 -ാമത്തെ വനിതയും ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗസ്. അതുപോലെ നൊബേൽ സമ്മാനത്തിന്റെ 122 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇത് അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് ഈ പുരസ്കാരം കിട്ടുന്നത്.
2003 -ൽ ഇബാദിയുടെ നേതൃത്വത്തിലുള്ള ‘ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററി’ൽ നർഗസ് ചേർന്നു. പിന്നീട്, സംഘടനയുടെ വൈസ് പ്രസിഡന്റായി. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിലെ അംഗമാണ് ഈ ഗ്രൂപ്പ്. ഫ്രഞ്ച് നാഷണൽ കമ്മീഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ 2003 -ലെ ഹ്യുമൻറൈറ്റ്സ് അവാർഡ് ഇതിന് ലഭിച്ചു.
വിവിധ അവാർഡുകളും നർഗസിനെ തേടി എത്തിയിട്ടുണ്ട്. 2009 -ൽ അലക്സാണ്ടർ ലാംഗർ അവാർഡ്. യുനെസ്കോ/ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം അവാര്‍ഡ് എന്നിവയെല്ലാം ഇതിൽ പെടുന്നു.
അതേസമയം, നൊബേൽ പുരസ്കാരം നൽകിയതിനൊപ്പം തന്നെ നർഗസിനെ മോചിപ്പിക്കണം എന്നും നൊബേൽ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറാനിലെ മാധ്യമങ്ങൾ പരിഹാസത്തോടെയാണ് നർഗസിനെ തേടി നൊബേൽ പുരസ്കാരം എത്തിയതിനെ അവതരിപ്പിച്ചത്. ‘ഇറാനെതിരെ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വനിതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിഫലം’ എന്നായിരുന്നു ഇറാന്റെ ദേശീയ വാർത്താ ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്തത്.
Last Updated Oct 6, 2023, 8:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]