
ഹാങ്ചൗ: ഏകദിന ലോകകപ്പില്‍ ഈ മാസം 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് സ്വപ്ന പോരാട്ടത്തിന് മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ-പാകിസ്ഥാന് ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ രണ്ടാം സെമിയില്‍ പാകിസ്ഥാന് അഫ്ഗാനിസ്ഥാനോട് തോറ്റു. അഫ്ഗാനെതിരെ ഇന്ന് നടന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18 ഓവറില്‍ 115 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന് ലക്ഷ്യത്തിലെത്തി. 24 റണ്‍സെടുത്ത ഓപ്പണര്‍ ഒമൈര്‍ യൂസഫാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. റൊഹൈല്‍ നസീര്‍(10), അര്‍ഫാത് മിന്‍ഹാസ്(13), അമീര്‍ ജമാല്‍(14) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഏഴാം ഓവറില്‍ 49-1 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് പാകിസ്ഥാന് 18 ഓവറില്‍ 115 റണ്‍സിന് ഓള് ഔട്ടായത്. 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഫരീദ് അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്വായിസ് അഹമ്മദും സാഹിര്‍ ഖാനും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ സിദ്ദീഖുള്ള അതാലിനെയും(5), മുഹമ്മദ് ഷെഹ്സാദിനെയും(9) തുടക്കത്തിലെ നഷ്ടമായ അഫ്ഗാന് വേണ്ടി മൂന്നാം നമ്പറിലിറങ്ങിയ നൂര്‍ അലി സര്ദ്രാന് 33 പന്തില്‍ 39 റണ്‍സെടുത്ത് തകര്‍ത്തടിച്ചു. 35-3ലേക്ക് വീണെങ്കിലും 13 റണ്‍സെടുത്ത അഫ്സര്‍ സാസായിക്കൊപ്പം സര്ദ്രാന് അഫ്ഗാനെ 50 കടത്തി.
സര്ദ്രാന് പുറത്തായതിന് പിന്നാലെ സാസായിയും കരീം ജന്നത്തും(0) പുറത്തായതോടെ 84-6ലേക്ക് കൂപ്പുകുത്തിയ അഫ്ഗാന് തോല്‍വി മുന്നില്‍ കണ്ടെങ്കിലും 19 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അഫ്ഗാന് ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബിന്റെ പോരാട്ടവീര്യം അവര്‍ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു. നാളെയാണ് ഇന്ത്യ-അഫ്ഗാന് ഫൈനല്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാന് ഇനി ബംഗ്ലാദേശിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]