ദില്ലി: ഗുരുഗ്രാമിൽ കാണാതായ 47കാരൻ്റേതെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. സംസ്കാര ചടങ്ങ് കഴിഞ്ഞ് ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ മരിച്ചെന്ന് കരുതിയ ആളും വീട്ടിലെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ.
മുഹമ്മദ്പൂർ ജാർസ ഗ്രാമത്തിൽ ഭാര്യയ്ക്കും മൂന്ന് ആൺമക്കൾക്കുമൊപ്പം താമസിച്ചിരുന്ന ലേബർ കോൺട്രാക്ടറായ പൂജൻ പ്രസാദിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങൾ. മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും മരിച്ചയാളെ ഇതുപയോഗിച്ച് തിരിച്ചറിയാൻ ശ്രമിക്കുമെന്നും ഗുരുഗ്രാം സെക്ടർ 37 പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 28 ന് ഉപേക്ഷിക്കപ്പെട്ട ഒരു വെയർഹൗസിന് സമീപം തല മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം സെക്ടർ 37 പോലീസ് കണ്ടെത്തിയിരുന്നു.
ഇതാരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പൂജൻ പ്രസാദിനെ കാണാനില്ലെന്ന് കാട്ടി മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1 ന് പൊലീസിൽ പരാതി നൽകിയത്.
തങ്ങൾ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പോലീസ് സന്ദീപിനോട് പറഞ്ഞിരുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിലെത്തിയ സന്ദീപും ബന്ധുക്കളും മൃതദേഹത്തിൽ വലതുകാലിലെ മുറിവ് കണ്ട് ഇത് പൂജൻ പ്രസാദിൻ്റേതാണെന്ന് പറഞ്ഞു.
പിന്നാലെ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി. പൂജൻ പ്രസാദിൻ്റേതിന് സമാനമായ വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടയാളും ധരിച്ചിരുന്നത്.
ഇതും ബന്ധുക്കൾ തെറ്റിദ്ധരിക്കാൻ കാരണമായി. പൂജൻ മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
ഇതിന് ശേഷം സന്ദീപും സഹോദരങ്ങളും ചിതാഭസ്മം യമുന നദിയിൽ നിമജ്ജലം ചെയ്യാനായി പോകുമ്പോഴാണ് ഇവരുടെ അമ്മാവനായ രാഹുൽ പ്രസാദിന് നിർണായകമായ ഫോൺ സന്ദേശം ലഭിച്ചത്. ഗുരുഗ്രാമിലെ ഖണ്ട്സ ചൗക്കിൽ പൂജനെ കണ്ടെന്നായിരുന്നു വിവരം.
ഇദ്ദേഹത്തെ കണ്ടെത്തിയ ആളുകൾ ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ സന്ദീപും സഹോദരനും അച്ഛനെ കണ്ട് അമ്പരന്നു.
ഇതോടെ പുലിവാല് പിടിച്ചത് പൊലീസാണ്. മരിച്ചതാരെന്ന കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം തേടേണ്ട
ചുമതലയ്ക്ക് പുറമെ, മൃതദേഹം തെറ്റായി ദഹിപ്പിച്ചുവെന്നതും വെല്ലുവിളിയാണ്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കുമെന്നും കേസിൽ ഉടൻ വ്യക്തത വരുമെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
ബന്ധുക്കൾ തിരിച്ചറിഞ്ഞതാണ് മൃതദേഹം വിട്ടുകൊടുക്കാൻ കാരണമെന്നും ഇത്തരത്തിൽ ബന്ധുക്കൾ തിരിച്ചറിയുന്ന മൃതദേഹങ്ങൾ തടഞ്ഞുവെക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസിൻ്റെ വാദം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]