

ലൈംഗിക അതിക്രമം ഉണ്ടായ തിയതിയെ കുറിച്ച് പറഞ്ഞത് ഉറക്കപ്പിച്ചയിലെന്ന് നിവിൻ പോളിക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി; വരുമാന വിവരങ്ങൾ തിരക്കാനാണ് അന്വേഷണ സംഘം ഇന്ന് വിളിച്ചത്; കേസ് അട്ടിമറിക്കുന്നതായി സംശയമെന്നും പരാതിക്കാരി
കൊച്ചി : 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചയിലെന്ന് നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി. പീഡനം നടന്ന തിയതി താൻ പറഞ്ഞത് ഉറക്കപ്പിച്ചയിലെന്നാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകിയിരിക്കുന്നത്.
യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയതികളിൽ നിവിൻ പോളി, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് തിയതി ഉറക്കപ്പിച്ചയിൽ പറഞ്ഞുവെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പോലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.
അതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. അതിനിടെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വിനീതിന് പിന്നാലെ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്.
ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാർവതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയിൽ പാർവതിയും വേഷമിട്ടിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന് തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]