
മോസ്കോ: ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് മൃഗസ്നേഹികൾ രക്ഷിച്ച പൂച്ചയുടെ ഭാരം 18 കിലോ. അമിത ഭാരം നിമിത്തം നടക്കാൻ പോയിട്ട് നേരെ നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് രക്ഷാപ്രവർത്തകർ പൂച്ചയെ കണ്ടെത്തുന്നത്. റഷ്യയിലെ പെം നഗരത്തിലെ ഒരു ആശുപത്രിയിലേക്ക് എത്തിയ പൂച്ചയെ ആശുപത്രി ജീവനക്കാർ ഭക്ഷണം നൽകുന്നത് പതിവായതോടെയാണ് ഓവർ വെയിറ്റ് ആയത്. ആശുപത്രി ജീവനക്കാർ ജോലി സമ്മർദ്ദം കുറയാൻ പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നതും പതിവായിരുന്നു.
പൂച്ചയ്ക്ക് നേരെ നിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതി വന്നതോടെയാണ് ആശുപത്രി അധികൃതർ പൂച്ചയെ പുനരധിവസിപ്പിക്കാൻ സഹായം തേടിയത്. സ്ഥിരമായി ഭക്ഷണം കിട്ടിതുടങ്ങിയ പൂച്ച മറ്റെവിടേയും പോകാതെ ആശുപത്രി വളപ്പിൽ തുടരുകയായിരുന്നു. ക്രംമ്പ്സ് എന്നാണ് ഈ പൂച്ചയ്ക്ക് നൽകിയിരിക്കുന്ന പേര്.
കുക്കിയും സൂപ്പുമായിരുന്നു ക്രംമ്പ്സിന്റെ ഇഷ്ട ഭക്ഷണമെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. വിവിധ സമയങ്ങളിൽ നിരവധി പേർ ഭക്ഷണം നൽകുന്നതിനാൽ നടക്കാൻ പോലും പൂച്ച ശ്രമിച്ചിരുന്നില്ല.
പെം നഗരത്തിലെ ഒരു മൃഗസംരക്ഷണ സംഘടനയായ മാട്രോസ്കിനിന്റെ സംരക്ഷണയിലാണ് നിലവിൽ പൂച്ചയുള്ളത്. പ്രത്യേക ഭക്ഷണവും ട്രെഡ്മിൽ അടക്കമുള്ള ശാരീരികാധ്വാനത്തിലൂടെയും ക്രംമ്പ്സിനെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഷെൽട്ടർ പ്രവർത്തകരുള്ളത്. അമിത വണ്ണം മൂലം പൂച്ചയുടെ കൃത്യമായ അൾട്രാസൌണ്ട് പോലും ശരിയായ രീതിയിൽ ലഭിക്കാൻ ഏറെ പ്രയാസപ്പെട്ടതായാണ് ഷെൽട്ടർ ജീവനക്കാർ വിശദമാക്കുന്നത്. വീടുകളിൽ വളർത്തുന്ന പൂച്ചകൾ സാധാരണ നിലയിൽ 5 കിലോ വരെ ഭാരം വയ്ക്കുമ്പോഴാണ് ക്രംമ്പ്സിന്റെ ഓവർ വെയിറ്റ് എന്നതാണ് ശ്രദ്ധേയകരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]