
കാറ്റഗറി അഞ്ചിലുള്‍പ്പെട്ട അറ്റ്ലാന്റിക് ചുഴലിക്കാറ്റായ ബെറിലിന് ശേഷം 2024-ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി കണക്കാക്കുന്ന യാഗി ചൈനയെ വിറപ്പിച്ച് തീരം തൊട്ടു. ശക്തമായ മുന്‍കരതുല്‍ ഒരുക്കിയതോടെ ആളപായമൊന്നുമുണ്ടായില്ലെങ്കിലും നാല് ലക്ഷത്തിലധികം പേരെയാണ് ചൈനീസ് ദ്വീപ് പ്രവിശ്യയായ ഹൈനനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നത്.
താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള ഹൈനാനിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ചയാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. നേരത്തെ പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 245 കിലോമീറ്റര്‍ (152 മൈല്‍) ആയിരുന്നു യാഗിയുടെ പരമാവധി വേഗം. ഹൈനന് പ്രവിശ്യയിലെ വെന്‍ചാങ് നഗരത്തില്‍ പ്രദേശിക സമയം വൈകുന്നേരം 4:20 ന് (08:20 ജിഎംടി) ആണ് കാറ്റ് കരതൊട്ടത്. കാറ്റിനെ നേരിടാന്‍, ജനപ്രിയ അവധിക്കാല കേന്ദ്രം കൂടിയായ ഹൈനാനില്‍ നിന്ന് കുറഞ്ഞത് 419,367 നിവാസികളെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കേണ്ടി വന്നതായി ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെതിരുന്നു.
Read Also: അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്ട്രേലിയ; അപകടം നടന്നത് 1969-ല്‍
ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച യാഗി കൊടുങ്കാറ്റ് 16 പേരുടെ ജീവന് അപഹരിച്ചിരുന്നു. പിന്നീട് ഇരട്ടിയിലധികം ശക്തി പ്രാപിച്ചതിന് ശേഷമാണ് ചൈനീസ് തീരത്തേക്ക് കാറ്റ് എത്തിയത്. നിലവില്‍ ഹൈനന് പുറമെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലേക്ക് കൂടി നീങ്ങുന്ന കാറ്റ് ബീബു ഗള്‍ഫ് തുറമുഖത്തേക്കും എത്തും.
2014 മുതല്‍ ചൈനയുടെ തെക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. കാറ്റിനെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തീര്‍ത്തും വെല്ലുവിളി നിറഞ്ഞതാക്കിയതായി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി അറിയിച്ചു.
Story Highlights : Super Typhoon Yagi has made landfall on the Chinese island province of Hainan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]