
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഓണ നാളുകൾ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ അതിഥി കൂടി എത്തി. പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിന്റെ സ്വാന്തനത്തിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.54 നാണ് ആറ് ദിവസം പ്രായം തോന്നിക്കുന്ന ആൺ കുഞ്ഞ് കൂടി എത്തിയത്.
ഒരുമയുടെയും സമ്പൽ സമൃദ്ധിയുടെയും നാളുകളിലേക്ക് പുതിയ അതിഥിയേ വരവേറ്റുകൊണ്ട് ശ്രാവൻ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി വാര്ത്താ കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 607-ാം മത്തെ കുട്ടിയാണ് പൊറ്റമ്മമാരുടെ സംരക്ഷണായ്ക്കായി അമ്മത്തൊട്ടിലിൽ എത്തിയത്.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി.പൂർണ്ണ ആരോഗ്യവാനായ കുട്ടി സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
2024 ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13 മത്തെ കുട്ടിയാണ് നവാഗതൻ. പുതിയ ഭരണ സമിതി അധികാരമേറ്റടുത്ത ശേഷം ഒന്നരവർഷം ഇതുവരെയായി 101 കുട്ടികളെ സുതാര്യമായി ദത്ത് നൽകൽ വഴി സമിതി എക്കാലത്തേയും റിക്കാർഡ് മറികടന്ന് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]