ഇടുക്കി / മലപ്പുറം – യാത്രയ്ക്കിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുങ്ങിയവരെ രക്ഷിക്കാൻ ആരും ധൈര്യപ്പെടാത്തിടത്ത് അസാമാന്യ സഹാസികതയുമായി മലപ്പുറത്തെ വിനോദ സഞ്ചാരികൾ. ഇടുക്കിയിൽ ഫോൺ റേഞ്ചില്ലാത്ത വിജനമായ മലമടക്കുകകളിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടിയിൽ നിന്നും വിനോദയാത്ര പോയ 14 അംഗ സഹൃത്തുക്കളാണ് അപകടത്തിൽ പെട്ടവരെ രക്ഷിച്ചത്.
സംഭവം ഇങ്ങനെ:
ഇടുക്കി തൊടുപുഴ റൂട്ടിൽ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയിൽ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഒരു ഓട്ടോ ഡ്രൈവർ മലപ്പുറം സംഘത്തിന്റെ വാഹനത്തിന് കൈ കാണിച്ച് ഒരു കാർ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറഞ്ഞു. അതുവഴി ഇരുഭാഗത്തേക്കും പോയ പല വാഹനങ്ങളെയും കൈ കാണിച്ച് വിവരം അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
സംഘം വാൻ നിർത്തി നോക്കിയപ്പോൾ ഇരുവശവും കാടും കൊക്കയുമായ സ്ഥലത്ത് 20 അടിയോളം താഴ്ചയിൽ ഒരു പാറയിൽ കാർ തങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ പോലീസിലും ഫയർ സർവീസിലും വിളിക്കാൻ ശ്രമിച്ചെങ്കിലും റേഞ്ച് ഇല്ലാത്തതിനാൽ നടന്നില്ല. ഇതോടെ രണ്ടും കൽപ്പിച്ച് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മലപ്പുത്തെ യാത്രാസംഘം തീരുമാനിക്കുകയായിരുന്നു. യാത്രാ സംഘത്തിലെ മൂന്നുപേർ തങ്ങളുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി. സംഘത്തിലുണ്ടായിരുന്ന വി യൂനുസും ടി ഹാരിസും വടം കെട്ടി, മനസ്സാന്നിധ്യത്തോടെ സാഹസികമായി താഴെ ഇറങ്ങി കൂടെയുണ്ടായിരുന്ന മറ്റുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് എത്തിക്കുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പിന്നീട് മറ്റൊരു വാഹനത്തിൽ ഇടുക്കി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശേഷം മലപ്പുറം സംഘം കുളമാവ് ഡാമിന് സമീപമുണ്ടായിരുന്ന സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോൺ നമ്പറും മറ്റും നല്കിയ ശേഷം യാത്ര തുടരുകയായിരുന്നു. ഇവർ പോലീസിനെ വിവരമറിയിച്ച് തുടർ നടപടി സ്വീകരിക്കുകയാണുണ്ടായത്. പരുക്കേറ്റവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]