
തൃശൂര്‍: യാത്രയ്ക്കിടെ പെട്ടന്നുള്ള ബ്രേക്ക് പിടിത്തതിൽ ബസിനുള്ളില്‍ വീണ് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ജീവനക്കാര്‍ തയാറായില്ലെന്ന് പരാതി. ബസ് യാത്രയ്ക്കിടെ സംഭവിച്ച അപകടമായിട്ടും ആശുപത്രിയിലേക്ക് എത്തിക്കാന്‍ ബസ് ജീവനക്കാര്‍ വിസമ്മതിച്ചതായും ബസ് ഡ്രൈവര്‍ തങ്ങളോട് മോശമായി പെരുമാറിയതായും തൃശ്ശൂർ സ്വദേശി ശശി ആരോപിച്ചു. ബസ് ആശുപത്രിയുടെ സീമപം എത്തിയപ്പോള്‍ അവിടെ നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ അതിനു തയാറായില്ല എന്നും യാത്രക്കാരൻ പറയുന്നു.
സംഭവത്തില്‍ പരിക്കേറ്റയാള്‍ ചേലക്കര പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം വൈകിട്ട് പഴയന്നൂര്‍ വെന്നൂര്‍ സ്വദേശിയായ ശശിയും ഭാര്യയും തൃശൂരില്‍നിന്നും തിരുവില്വാമലയിലേക്ക് ആദിത്യ എന്ന ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.അത്താണി എത്തുന്നതിനു മുമ്പായി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വാഹനം വരുകയും ബസ് പെട്ടെന്ന് നിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് ബസിന് പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ശശി മുന്നിലേക്ക് വീണ് ബസിലെ കമ്പിയില്‍ ചെന്നിടിച്ചാണ് പരിക്കേറ്റത്.
ബസിലെ മറ്റു യാത്രക്കാരും സീറ്റില്‍നിന്നും തെറിച്ച് വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തിരക്കിന്റെ പേര് പറഞ്ഞ് ബസ് ജീവനക്കാര്‍ അവിടെ നിര്‍ത്തിയില്ലെന്നും ശേഷം ചേലക്കര ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തനിക്ക് ഡോക്ടറെ കാണണമെന്നും അതിനായി മേപ്പാടം ആശുപത്രിക്ക് മുന്നില്‍ ഇറക്കണമെന്നാവശ്യപ്പെട്ടപ്പോള് കണ്ടക്ടര്‍ സമ്മതിക്കുകയും എന്നാല്‍ ഡ്രൈവര്‍ തങ്ങളോട് മോശമായി സംസാരിക്കുകയും ചെയ്തു എന്ന് ശശി വെന്നൂര്‍ പറയുന്നു.
കണ്ടക്ടര്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ആശുപത്രിക്ക് മുന്നില്‍ തങ്ങളെ ഇറക്കാന്‍ സമ്മതിച്ചില്ല എന്നാണ് ഇവരുടെ പരാതി. പരിക്കേറ്റയാള്‍ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇയാളുടെ നെഞ്ചിലെ എല്ലിന് ചതവ് പറ്റുകയും കാലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് യാത്രക്കാരനായ ശശി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചേലക്കര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]