താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ ഏതാനും ദിവസം മുമ്പ് പ്രവാസിയുടെ വീട്ടിൽ ആക്രമം ന്നടത്തിയ ലഹരി മാഫിയാ സംഘത്തിലെ രണ്ടു പേർ കൂടി അറസ്റ്റിലായി. താമരശ്ശേരി കുടുക്കിൽഉമ്മരം കയ്യേലിക്കുന്നുമ്മൽ കെ.കെ ദിപീഷ് (30) തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ (റജീന – 40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടില് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൻസൂറിന്റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ തന്റെ സ്ഥലത്ത് ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുവെന്ന് ആരോപിച്ച് പരാതി നല്കിയിരുന്നു. ഇതോടെ അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ മൻസൂറിന്റെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ വീടിന്റെ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം എറിഞ്ഞും അടിച്ചും തകർത്തു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു. ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലുകളും പ്രവാസിയായ മൻസൂറിന്റെ സുഹൃത്തിന്റെ കാറിന്റെ ചില്ലുകളും സംഘം തകർത്തു.
രാത്രിയോടെ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് എറണാകുളം സ്വദേശി ഷക്കീറിനെ പിടികൂടിയത്. പട്ടികളെ അഴിച്ച് വിട്ടും കല്ലെറിഞ്ഞുമാണ് സംഘം അന്ന് പോലീസിനെയും നാട്ടുകാരെയും തടഞ്ഞത്. അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തി വരുകയാണ്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം തുടരുന്നത്.
Read also: ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; യുവാവിന് വെട്ടേറ്റു, പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു
ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമായി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. കൂരിമുണ്ട എസ്റ്റേറ്റിന് സമീപത്തായി ആളൊഴിഞ്ഞ സമീപത്തായ മൂന്ന് വീട്ടുകൾ മാത്രമുള്ള സ്ഥലത്ത് ടാർപോളിൻ കൊണ്ട് ടെന്റ് കെട്ടിയാണ് സംഘം മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിരുന്നതെന്ന് നാട്ടുകാര് ആരോപിക്കുന്നു. റോട് വീലർ ഇനത്തിൽപ്പെട്ട വേട്ട പട്ടികളെ ടെന്റിന് സമീപത്ത് കെട്ടിയിരുന്നു. സമീപത്തെ വീട്ടുകാരനായ പ്രവാസിയായ മൻസൂർ തന്റെ വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചാണ് ലഹരി മാഫിയാസംഘം അഴിഞ്ഞാടിയത്.
Last Updated Sep 6, 2023, 9:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]