ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്; അറസ്റ്റ് ഉടൻ
കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനു പിന്നിൽ അതിഥി തൊഴിലാളിയല്ലെന്നും നാട്ടുകാരൻ തന്നെയാണ് പ്രതിയെന്നും പൊലീസ് പറയുന്നു. കുട്ടി അപകട നില തരണം ചെയ്തതായും കുട്ടിക്ക് പരിക്കുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പൊലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റിട്ടുണ്ട്.
രാത്രി രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാരനായ സുകുമാരൻ എന്നയാൾ വീടിന്റെ ജനൽ വഴി നോക്കിയപ്പോൾ കുട്ടിയെ ഒരാൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്നു വെളിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ നേരിട്ട് കണ്ടാൽ അറിയാമെന്നും സുകുമാരൻ വ്യക്തമാക്കി.
സുകുമാരൻ മറ്റൊരാളെ വിവരം അറിയിക്കുകയും ഇരുവരും ചേർന്നു തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പാടത്തിനരികിലൂടെ പേടിച്ചു ഓടി വരുന്നതു കണ്ടു തങ്ങൾ കുട്ടിയെ പിടിച്ചു നിർത്തുകയായിരുന്നു. പിന്നാലെ പൊലീസിൽ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.
ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകൾ പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്.നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് കുട്ടി ചികിത്സയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]