
ദില്ലി: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് ആലോചിക്കുന്നു. എന്നാൽ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിരില്ല.
സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടൻ നിർത്തില്ല.
എന്നാൽ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തിൽ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇളവു നൽകുന്നതടക്കം ആലോചിക്കും. ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോൾ ട്രംപിനെ വിളിച്ച് സംസാരിക്കാൻ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല.
പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ നോട്ടീസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയോടുള്ള ഇരട്ടത്താപ്പ് ചർച്ചകളിലും അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കാനുള്ള നീക്കവും കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് 50 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിമർശനവും ശക്തമായിട്ടുണ്ട്.
ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്.
ട്രംപിന്റേത് അന്യായവും ദൗർഭാഗ്യകരവുമായ നടപടിയെന്നാണ് ഇന്ത്യയുടെ വിമർശനം. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്.
ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നാൽ ഇന്ത്യക്ക് 3 ആഴ്ചത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളത്.
ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നത്. അതേസമയം ഇന്ത്യ – യു എസ് ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം.
എന്നാൽ യു എസുമായുള്ള ചർച്ചകളിൽ നിന്ന് സർക്കാർ പിൻമാറാൻ സാധ്യതയില്ല. വ്യാപാര കരാറിലെ ചർച്ചകൾക്ക് യു എസ് ഉദ്യോഗസ്ഥർ ഈ മാസം ഇന്ത്യയിലെത്തുന്നത് ഇത് വരെ റദ്ദാക്കിയിട്ടില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് റഷ്യയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ട്രംപിന്റെ നീക്കത്തെ കരുതലോടെ നേരിടുമെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
എന്തായാലും ഈ തീരുവ പ്രഹരം സർക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മർദ്ദവും ശക്തമാക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]