

മൃതദേഹം മാറിനൽകിയ സംഭവം : നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ; എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ
ഡല്‍ഹി: മൃതദേഹം മാറി നല്കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി ഉത്തരവ്. നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2009-ല്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തി എന്നയാളുടേയും മൃതദേഹങ്ങൾ വീട്ടുകാർ നൽകിയതിൽ തെറ്റുപറ്റുകയായിരുന്നു. കാന്തിയുടെ കുടുംബം പുരുഷോത്തമന്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പുരുഷോത്തമന്റെ കുടുംബം മൃതദേഹം അന്വേഷിച്ച് എത്തിയപ്പോള്‍ കാന്തിയുടെ മൃതദേഹമായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പുരുഷോത്തമന്റെ മക്കളായ ഡോ. പി.ആര്. ജയശ്രീയും പി.ആര്. റാണിയും സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചു. ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് ഉത്തരവ്.
ഇതിനെതിരെ ആശുപത്രി നല്കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തുക ദേശീയ കമ്മിഷന് അഞ്ചു ലക്ഷം രൂപയായി കുറച്ചു. പുരുഷോത്തമന്റെ സംസ്കാരം മതാചാര പ്രകാരം തന്നെ കാന്തിയുടെ കുടുംബം നടത്തിയെന്നും ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ആയിരുന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതിനെതിരെയാണ് ഡോ പി.ആര്. ജയശ്രീയും പി.ആര്. റാണിയും സുപ്രീം കോടതിയെ സമീപിച്ചത്. ആശുപത്രിയുടെ അനാസ്ഥ കാരണം പുരുഷോത്തമന്റെ ബന്ധുക്കള്‍ക്ക് അന്ത്യസംസ്കാരം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ് വാദിച്ചു.
തുടര്‍ന്നാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് വിധിച്ച നഷ്ടപരിഹാരത്തുക പുരുഷോത്തമന്റെ കുടുംബത്തിന് നല്കാന് സുപ്രീം കോടതി ഉത്തരവിട്ടത്. സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷിന് പുറമെ അഭിഭാഷകന് കാര്‍ത്തിക് അശോകും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]