കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായി പരാതികളുയർന്നിട്ടുണ്ട്. എറണാകുളത്ത് തന്നെ സിഎംഡിആർഎഫുവുമായി ബന്ധപ്പെട്ട് തട്ടിപ്പുണ്ടായി. ഇപ്പോൾ നൽകുന്ന ഫണ്ട് വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം. മുൻപ് മറ്റു പല കാര്യങ്ങൾക്കും വേണ്ടി ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ചു. നിയമസഭയിലും സിഎംഡിആർഎഫിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
അതേ സമയം, ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജൂലൈ 30 മുതല്‍ ഇന്നലെ വൈകുന്നേരം 5 മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്പത്തി രണ്ട് രൂപയാണ് (53,98,52,942).
പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.
സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവന നല്കാന് മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]