മധുവിധു ആഘോഷിക്കാൻ ചുരൽമലയിലെത്തിയ പ്രിയദർശിനി തിരികെ മടങ്ങിയത് തൻ്റെ പാതിയുടെ ജീവനറ്റ ശരീരവുമായി
മധുവിധു ആഘോഷിക്കാനെത്തിയ പ്രിയദര്‍ശിനിയുടെ നാട്ടിലേക്കുള്ള മടക്കം ഒറ്റക്കാണ്.
ഭര്‍ത്താവും ഭുവനേശ്വര്‍ എയിംസിലെ ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാര ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടിരുന്നു.
പരിക്കേറ്റ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒഡിഷയില്‍ നിന്ന് സുഹൃത്തുക്കളായ നാലംഗ സംഘം ഉരുള്‍പൊട്ടലിന് മൂന്ന് ദിവസം മുന്‍പാണ് വയനാട്ടിലേക്ക് എത്തിയത്. ബിഷ്ണു പ്രസാദ് ചിന്നാരയും, ഭാര്യയും ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്സുമായ പ്രിയദര്‍ശിനി പോളും, സുഹൃത്തുക്കളായ ഡോക്ടര്‍ സ്വധീന് പാണ്ടയും, ഭാര്യ ശ്രീകൃതി മോഹ പത്രയും. വെള്ളാര്‍മലയിലെ ലിനോറ വില്ലയില്‍ ആയിരുന്നു താമസം.
തിങ്കളാഴ്ച പോകാനിരുന്നതായിരുന്നെങ്കിലും ഒരു ദിവസം കൂടി തങ്ങാമെന്ന് കരുതി. എന്നാല്‍ അത് തങ്ങളുടെ ജീവനും ജീവിതവും വരെ തകര്‍ക്കുമെന്ന് ആരും കരുതിയില്ല.
വന്‍ ശബ്ദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ താമസിച്ച വില്ല മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പം ഉയര്‍ന്ന ചെളിയില്‍ 200 മീറ്ററോളം ഒഴുകിയ പ്രിയദര്‍ശിനിയും ശ്രീകൃതിയും സ്കൂള്‍ പരിസരത്ത് തടഞ്ഞു നിന്നു.
അലര്‍ച്ച കേട്ട മേപ്പാടിയിലെ പൊലീസുകാരന് ജബലു റഹ്മാനും സുഹൃത്തും ചേര്‍ന്ന് അതിസാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. രണ്ട് പേര് കൂടി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് പ്രിയദര്‍ശിനി ജബലു റഹ്മാനോട് പറഞ്ഞു. ഇവരെ തിരയാനായി ഒരുങ്ങുമ്പോഴാണ് രണ്ടാമതും ഉരുള്‍ പൊട്ടിയത്.
പ്രിയദര്‍ശിനിയും ശ്രീകൃതിയും മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പിന്നീട് ബിഷ്ണു പ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരല്‍മലയില്‍ നിന്ന് കിട്ടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സ്വാധീന് പാണ്ടയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഭാര്യ ശ്രീകൃതി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഉമ്മയ്ക്ക് കൂട്ടുവന്ന ബി കോം വിദ്യാര്‍ഥിയായ സാനിയയായിരുന്നു ആശുപത്രിയില്‍ പ്രിയദര്‍ശിനിക്ക് സഹായം
ദേഹമാസകലം മുറിവുമായി, കൂട്ടിനാരുമില്ലാതെ കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്ന പ്രിയദര്‍ശിനിക്ക് ഹിന്ദി അറിയാവുന്ന സാനിയയായിരുന്നു ഏക ആശ്വാസം.
വയനാട് സ്വദേശി താഹിറും പ്രിയദര്‍ശിനിയുടെ സഹായത്തിനെത്തിയിരുന്നു. താഹിറിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പഠിച്ചവരാണു ഡോ. ബിഷ്ണു പ്രസാദ് ചിന്നാരയും ഡോ. സ്വധീന് പാണ്ടയും
പ്രിയദര്‍ശിനിയുടെ അച്ഛനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയത് താഹിറിന്റെ ഇടപെടലിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]