
ഒത്തുകൂടുന്നത് പാഞ്ചാലിമേട്ടിലെ റിസോർട്ടിൽ, ലഹരിപ്പാർട്ടികളും നടത്തും; ഷോപ്പിങ് കോംപ്ലക്സിന് എഡിസൻ മുടക്കിയത് 70 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ആഗോള സംഘങ്ങളുമായുള്ള മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിന്റെ ‘കെറ്റാമെലോൺ’ ലഹരി ശൃംഖലയിലേക്ക് (എൻസിബി) നുഴഞ്ഞുകയറിയത് ഒരു വർഷം മുൻപ്. ഈ സമയമത്രയും കെറ്റാമെലോണ്‍ എന്നാൽ എഡിസൺ ആണെന്ന് എൻസിബിക്ക് അറിയാമായിരുന്നു എന്നാണ് വിവരം. എന്നാൽ എഡിസണിലേക്കും മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നെന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു. പിടിയിലായ എഡിസണും മൂവാറ്റുപുഴ സ്വദേശിയായ അരുൺ തോമസും പറവൂർ സ്വദേശിയായ കെ.വി.ഡിയോളും ബിടെക്കിന് സഹപാഠികളായിരുന്നു. എഡിസണും അരുണും പ്രതിയായ ഒരു കേസും ഡിയോളും ഭാര്യയും പ്രതിയായ രണ്ടാമതൊരു കേസുമാണ് എൻസിബി റജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023ലെ സംബാഡ കാർട്ടലിനെ പൂട്ടിയ റെയ്ഡിന്റെ സമയത്തു തന്നെയാണ് ഡിയോളിന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസിൽ വന്ന ഒരു പാഴ്സൽ എൻസിബി പിടിച്ചെടുക്കുന്നത്. കെറ്റമിൻ അടങ്ങിയ പാഴ്സലിലെ വിലാസം വ്യാജമായിരുന്നതിനാൽ അന്ന് ഡിയോളിനെ പിടികൂടാനായില്ല. എന്നാൽ എഡിസണിന്റെ പിന്നാലെയുള്ള അന്വേഷണത്തിനൊപ്പം ഈ കേസും എൻസിബിയുടെ പക്കലുണ്ടായിരുന്നു. എഡിസണിലേക്കുള്ള ഓരോ വഴി തെളിഞ്ഞപ്പോഴും അത് ഡിയോളിലേക്കുള്ള വഴി കൂടിയായിരുന്നു. യാദൃച്ഛികമായിട്ടാണെങ്കിലും ഇരു കേസുകളും തമ്മിലുള്ള ബന്ധം ഇതിലേക്ക് എത്തുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഒരു എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്തു നിന്ന് കെറ്റമിൻ ഇറക്കുമതി ചെയ്ത് ചെറിയ അളവില്‍ ഓസ്ട്രേലിയയിലേക്കു കയറ്റിവിടുകയായിരുന്നു ഡിയോൾ ചെയ്തിരുന്നതെന്നും ഇതിന് എഡിസണിന്റെ സഹായം ഇവർക്കുണ്ടായിരുന്നു എന്നുമാണ് എൻസിബിയുടെ കണ്ടെത്തൽ.
ഡിയോളും ഭാര്യ അഞ്ജു ദേവസിയും ചേർന്നു നടത്തുന്ന പാഞ്ചാലിമേട്ടിലെ റിസോർട്ട് ഇവരുടെ സുഹൃദ്സംഘങ്ങളുടെ ഒത്തുകൂടൽ കേന്ദ്രം കൂടിയായിരുന്നു. ആ സമയത്ത് ലഹരി പാർട്ടികളും ഇവിടെ പതിവായിരുന്നു. എന്നാൽ റിസോർട്ടിലെത്തുന്ന അതിഥികൾക്ക് ലഹരി മരുന്ന് നൽകാറില്ലായിരുന്നെന്നാണ് വിവരമെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു. 2019നു മുൻപു തന്നെ ഡിയോളും അഞ്ജുവും പാഞ്ചാലിമേടിലെത്തുകയും 2021ഓടെ റിസോർട്ടിന്റെ നിർമാണ മടക്കം തുടങ്ങുകയും ചെയ്തിരുന്നു എന്നാണ് കരുതുന്നത്. എഡിസണിനെയും അരുൺ തോമസിനെയും പോലുള്ള സഹപാഠികൾക്കു പുറമെ റിസോർട്ടിൽ എത്തിയിരുന്നത് ഡിയോളിന്റെ പറവൂരിൽ നിന്നുള്ള സുഹൃദ്‍സംഘമാണെന്ന് എൻസിബി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വലിയ സംഘം ലഹരി ഉപയോഗത്തിനും മറ്റുമായി പാഞ്ചാലിമേട്ടിൽ എത്തിയിട്ടുണ്ട് എന്ന് എൻസിബി വൃത്തങ്ങൾ വെളിപ്പെടുത്തി. അറസ്റ്റിലായ സമയത്ത് നടത്തിയ റെയ്ഡിൽ കെറ്റാമിൻ സൂക്ഷിച്ചിരുന്നതിന്റെ അവശിഷ്ടങ്ങൾ ഡിയോളിന്റെ പറവൂരിലെ വീട്ടിൽനിന്നു പിടിച്ചെടുത്തിരുന്നു എന്നും എൻസിബി വൃത്തങ്ങൾ വ്യക്തമാക്കി.
മൂവാറ്റുപുഴയില്‍ എഡിസണിന്റെ സ്ഥലത്ത് ഇപ്പോൾ ബഹുനില ഷോപ്പിങ് കോംപ്ലക്സ് ഉയരുന്നുണ്ട്. ഇതിനായി എഡിസൺ ഇതുവരെ 70 ലക്ഷം രൂപ മുടക്കിയിട്ടുണ്ട് എന്ന് എൻസിബി വൃത്തങ്ങൾ പറയുന്നു. ലഹരി വിൽപനയിലൂടെ സമ്പാദിച്ച കോടികള്‍ എന്തു ചെയ്തു എന്ന അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ അടക്കം എൻസിബി കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ച േശഷം ഇക്കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എൻസിബി വൃത്തങ്ങൾ പറഞ്ഞു.