അരിസോണ: സമൂഹമാധ്യമങ്ങളിലെ ‘ഡസ്റ്റിംഗ്’ ചലഞ്ചിന് ശ്രമിച്ച യുവതി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയിൽ നിന്നുള്ള 19 വയസ്സുകാരിയാണ് അപകടകരമായ ചലഞ്ചിന് പിന്നാലെ മരിച്ചത്. മകളുടെ മരണത്തിൽ തളർന്നുപോയ മാതാപിതാക്കൾ മറ്റുള്ളവർക്ക് മുന്നറിയിപ്പുമായി എത്തുന്നു. ‘ഡസ്റ്റിംഗ്’ അല്ലെങ്കിൽ ‘ക്രോമിംഗ്’ എന്നറിയപ്പെടുന്ന വൈറൽ സോഷ്യൽ മീഡിയ ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് റെന്ന ഓറൂർക്ക് മരണപ്പെട്ടത്. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോൾ വാതകങ്ങൾ, പലപ്പോഴും കീബോർഡ് ക്ലീനിംഗ് സ്പ്രേകളിൽ നിന്നുള്ള വാതകങ്ങൾ ശ്വാസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെൻഡ്.

എന്നാൽ വീഡിയോ ചെയ്യാൻ വിഷവാതകങ്ങൾ ശ്വസിച്ച റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റെന്നയുടെ മാതാപിതാക്കൾ പ്രാദേശിക ബ്രോഡ്കാസ്റ്റ് ടെലിവിഷൻ നെറ്റ്വർക്കായ എസഡ് ഫാമിലിയോട് പറഞ്ഞു. അവളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അബോധാവസ്ഥയിൽ കിടന്ന ശേഷം തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ വ്യക്തമാക്കുന്നു.

തന്റെ മകളുടെ പ്രശസ്തയാകാനുള്ള ആഗ്രഹത്തെ കുറിച്ച് റെന്നയുടെ പിതാവ് ആരോൺ ഓറൂർക്ക് പറഞ്ഞു. "ഞാൻ വൈറലാകും, അച്ഛാ. നോക്കിക്കോ," എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. നിർഭാഗ്യവശാൽ, അത് നല്ല രീതിയിലല്ല സംഭവിച്ചത്. ചലഞ്ചിന് ഉപയോഗിക്കുന്ന ഈ പദാർത്ഥം വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് മറ്റൊരു ഭീകരതെയന്ന് റെന്നയുടെ അമ്മ ഡാന ചൂണ്ടിക്കാട്ടി. വാങ്ങാൻ ഐഡി ആവശ്യമില്ല. ഇതിന് മണവുമില്ല. അവർക്ക് ഇത് എളുപ്പം വാങ്ങാൻ കഴിയും. മാതാപിതാക്കൾക്ക് സംശയം തോന്നുകയുമില്ലെന്നും അവർ പറഞ്ഞു. തന്റെ മകളുടെ വിയോഗത്തോടെ അപകടകരമായ ട്രെൻഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.

എന്താണ് ഡസ്റ്റിങ് ചലഞ്ച് (Dusting Challenge)

ഡസ്റ്റിംഗ് ചലഞ്ച്" (Dusting Challenge), "ക്രോമിംഗ്" (Chroming) എന്നും അറിയപ്പെടുന്ന ഇത് ഒരു അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡാണ്. ആളുകൾ താത്കാലികമായ ഉന്മാദാവസ്ഥ (temporary high) അനുഭവിക്കുന്നതിനായി എയറോസോൾ വാതകങ്ങൾ (aerosol gases) ശ്വാസിക്കുന്നു. പ്രധാനമായും, കമ്പ്യൂട്ടർ കീബോർഡുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേകളിലെ വാതകങ്ങൾ, അല്ലെങ്കിൽ മറ്റ് എയറോസോൾ ഉൽപ്പന്നങ്ങളിലെ വാതകങ്ങൾ നേരിട്ട് ശ്വസിക്കുകയാണ് അവര്‍ ചെയ്യുന്നത്.

വളരെ അപകടകരമായ പ്രവൃത്തിയാണ് ഇത്, കാരണം ഈ വാതകങ്ങൾ ശ്വസിക്കുന്നത് തലച്ചോറിനും ഹൃദയത്തിനും ഗുരുതരമായ കേടുപാടുകൾ വരുത്തുകയും, ഹൃദയാഘാതം, തലച്ചോറിന്റെ പ്രര്‍ത്തനം നിലച്ചുള്ള മരണം എന്നിവയ്ക്ക് വരെ കാരണമാവുകയും ചെയ്യാം. സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെയും ശ്രദ്ധയും നേടുന്നതിനായി ഇത്തരം വെല്ലുവിളികളിൽ പലരും പങ്കെടുക്കാറുണ്ട്. എന്നാൽ, ഇത് ജീവന് തന്നെ ഭീഷണിയാകുന്ന ഒന്നാണ്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]