കാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം: നഷ്ടമായ തുക അയച്ച് കൊടുത്ത് ദുബായിലെ ഡോക്ടർ
അടിമാലി ∙ മോഷ്ടാവ് വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ടശേഷം പണം തട്ടിയെടുത്ത കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് സഹായവുമായി ദുബായിലെ ഡോക്ടർ. നഷ്ടപ്പെട്ട
16,500 രൂപയാണ് ഡോക്ടർ അയച്ചു കൊടുത്തത്. അടിമാലി എസ്എൻ പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കളരിക്കൽ ഉഷ സന്തോഷ് (47) ആണ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ മോഷണത്തിനും ആക്രമണത്തിനും ഇരയായത്.
ഇവർക്ക് അടിമാലി കല്ലാറിൽ 10 സെന്റ് വീടും സ്ഥലവുമുണ്ടായിരുന്നു. ചികിത്സയ്ക്കായി ഇവ വിറ്റു.
3 മാസം മുൻപ് അടിമാലിയിൽ ജനകീയസമിതിയുണ്ടാക്കി ടൗണിൽ ഗാനമേള നടത്തിയും സുമനസ്സുകളുടെ സഹായത്തോടെയും 6 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഈ തുക എവിടെയാണെന്നു ചോദിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ഉഷ പറഞ്ഞു.
രണ്ടു ദിവസം മുൻപു നടത്തിയ കീമോതെറപ്പി ചികിത്സയെത്തുടർന്നു ക്ഷീണിതയായ ഉഷ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവ് സന്തോഷ് (52) രാവിലെ മേസ്തിരി ജോലിക്കും മകൾ അതുല്യ (18) തൊടുപുഴയിൽ പഠനത്തിനുമായി പോയിരിക്കുകയായിരുന്നു.
ഉഷ ദേഹത്ത് ഇട്ടിരുന്ന തോർത്ത് മോഷ്ടാവ് വായിൽ തിരുകി. കട്ടിലിൽനിന്ന് വലിച്ചു നിലത്തിട്ടശേഷം കട്ടിലിൽ കെട്ടിയിട്ടു.
പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപയാണു മോഷ്ടാവ് കവർന്നത്. ഉഷയെ നോക്കാൻ ഇടയ്ക്കിടെ അയൽക്കാർ എത്താറുണ്ട്.
അവരെത്തിയാണ് കെട്ടഴിച്ചു രക്ഷപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]