
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തിയെങ്കിലും ഞായറാഴ്ച പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിലും വിരാട് കോലി തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്ന് സൂചന. ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങിയ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ കോലി നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി തിളങ്ങിയപ്പോള്‍ കോലിക്ക് ഐപിഎല്ലിലെ ഫോം തുടരാനായില്ല.
വിരാട് കോലിയും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ പാകിസ്ഥാനെതിരെയും മൂന്നാം നമ്പറില്‍ റിഷഭ് പന്ത് തന്നൊകും ഇറങ്ങുക. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ അര്‍ധസെഞ്ചുറി നേടിയ പന്ത് അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 26 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. പാകിസ്ഥാനെതിരെ അയര്‍ലന്‍ഡിനെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറില്‍ പന്ത് തന്നെയാകും ഇറങ്ങുകയെന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ അയര്‍ലന്‍ഡിനെതിരായ മത്സരശേഷം വ്യക്തമാക്കിയത് സഞ്ജുവിന് ഇമുണ്ടാകില്ലെന്നതിന്റെ സൂചനയാണ്.
പേസര്‍മാരെ തുണക്കുന്നതാണ് നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ച് എന്നതിനാല്‍ മൂന്ന് പേസര്‍മാര്‍മാരെ നിലനിര്‍ത്തിയാകും പാകിസ്ഥാനെതിരെയും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേരുമ്പോള്‍ പേസ് നിര ശക്തമാകും.
സ്പിന്‍ നിരയില്‍ അക്സര്‍ പട്ടേലിനെ കളിപ്പിക്കണോ കുല്‍ദീപ് യാദവിനെ കളിപ്പിക്കണോ എന്ന ആശ്യക്കുഴപ്പം ഇന്ത്യന്‍ ടീം മാനേജ്മെന്റിനുണ്ട്. അക്സര്‍ ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും പാകിസ്ഥാനെതിരെ കുല്‍ദീപ് മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എന്നാല്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാലറ്റത്തിന്റെ നീളം കൂടുമെന്നതാണ് ആശങ്ക. ബാറ്റിംഗ് നിരയില്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും രവീന്ദ്ര ജഡേജയും തുടരാനാണ് സാധ്യത.
Last Updated Jun 7, 2024, 6:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]