
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ വിജയത്തോടെ തുടങ്ങിയെങ്കിലും പിച്ചിന്റെ കാര്യത്തിലും മത്സര സാഹചര്യങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂര്‍ണ തൃപ്തനല്ല. അയര്‍ലന്‍ഡിനെിരെ അര്‍ധസെഞ്ചുറി നേടിയ രോഹിത് അസാധാരണമായി പൊങ്ങിവന്ന പന്ത് കൈത്തണ്ടയില്‍ തട്ടിയതിനെത്തുടര്‍ന്ന് വേദന കാരണം റിട്ടേയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. മത്സരം ഇന്ത്യ എട്ട് വികറ്റിന് ജയിച്ചു.
എന്നാല്‍ അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം കാണുമ്പോള്‍ നാലു സ്പിന്നര്‍മാരെ ലോകകപ്പ് ടീമിലെടുത്തത് അബദ്ധമായോ എന്നൊരു സംശയമുണ്ടെന്ന് മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് വേണ്ടത്ര ആനുകൂല്യം കിട്ടിയിരുന്നു. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം ഇതാണെങ്കില്‍ 15 അംഗ ടീമില്‍ നാലു സ്പിന്നര്‍മാരുടെ ആവശ്യമില്ലായിരുന്നുവെന്നും രോഹിത് പറഞ്ഞു.
പിച്ച് ഏത് തരത്തിലുള്ളതാണെന്ന് ഞങ്ങള്‍ക്ക് യാതൊരു പിടിയും ഇല്ലായിരുന്നു. ടോസ് സമയത്തും ഞാനത് പറഞ്ഞിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ പോലും ഈ പിച്ചില്‍ ബാറ്റിംഗ് അനായാസമായിരുന്നില്ല. പേസര്‍മാരുടെ മികവില്‍ അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയത് നേട്ടമായി. ടീമിലെ നാലു പേസര്‍മാരില്‍ മൂന്നുപേര്‍ക്കും ടെസ്റ്റ് കളിച്ച് പരിചയമുള്ളത് ഇവിടെ അനുകൂലമായി. ടെസ്റ്റ് മാച്ച് ലെങ്ത്തില്‍ പന്തെറിഞ്ഞപ്പോഴൊക്കെ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് മികച്ച പിന്തുണയാണ് കിട്ടിയത്. അര്‍ഷ്ദീപിന് മാത്രമാണ് ടെസ്റ്റ് കളിച്ച് പരിചയമില്ലാത്തത്. എന്നാല്‍ തുടക്കത്തില്‍ അര്‍ഷ്ദീപ് നേടിയ രണ്ട് വിക്കറ്റുകളാണ് കളിയില്‍ നിര്‍ണായകമായത്.
അമേരിക്കയിലെ പിച്ചുകളില്‍ എന്തായായാലും നാലു സ്പിന്നര്‍മാരെ ആവശ്യമായി വരില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളുണ്ടാകുമെന്നും രോഹിത് പറഞ്ഞു. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യക്കായി ഇന്നലെ പന്തെറിഞ്ഞപ്പോള്‍ സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയുമാണ് ടീമിലുണ്ടായിരുന്നത്.
Last Updated Jun 6, 2024, 11:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]