
ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിൽ പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട കുതിരക്കാരന്റെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനും നന്ദിയുണ്ടെന്നും ഇത് അവനുവേണ്ടിയുള്ള തിരിച്ചടിയാണെന്ന് സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബം പ്രതികരിച്ചു. പഹൽഗാമിൽ ഭീകരാക്രമണമുണ്ടായപ്പോൾ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദിൽ ഹുസൈൻ കൊല്ലപ്പെട്ടത്.
‘ഇത് തങ്ങൾക്ക് നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടി’ ആണെന്നാണ് ആദിൽ ഹുസൈന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചത്. ഇത്തരത്തിലൊരു സൈനിക നടപടി കൃത്യ സമയത്ത് നടപ്പാക്കിയതിന് രാജ്യത്തിന്റെ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏറെ നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്നും സയ്യിദ് ഹൈദർ ഷാ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നൽകിയെന്നായിരുന്നു ആദിൽ ഹുസൈന്റെ സഹോദരൻ സയ്യിദ് നൗഷാദ് പ്രതികരിച്ചത്.
പഹൽഗാമിൽ അപ്രതീക്ഷിത ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ പകച്ചു നിന്നപ്പോൾ സയ്യിദ് ആദിൽ ഹുസൈൻ ധീരമായി ഭീകരരെ എതിർക്കാൻ ശ്രമിച്ചു. ഒരു ഭീകരന്റെ റൈഫിൾ തട്ടിമാറ്റാൻ ശ്രമിക്കവേയാണ് സയ്യിദ് കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സയ്യിദ്. പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് ഇരച്ചെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെവെടിയുതിർത്തത്.
ഒന്ന് ഓടിയൊളിക്കാൻ പോലും കഴിയാത്ത മൈതാനത്ത് ജീവനുകൾ വെടിയേറ്റ് വീണു. എന്നാൽ സയ്യിദ് ആദിൽ ഹുസൈൻ ഷാ തന്നാൽ കഴിയും വിധം ഒരു ഭീകരനെ നേരിട്ടു. ഭീകരന്റെ കയ്യിലെ തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഭീകരൻ ഷായ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മലയാളിയടക്കം 26 പേരാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]