
മുസാഫറാബാദ് മുതൽ ഭവൽപുർ വരെ; ഇന്ത്യ ലക്ഷ്യമിട്ട പാക്ക് ഭീകരകേന്ദ്രങ്ങൾ ഏതൊക്കെ?
– Operation Sindoor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ മറുപടിയായി ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണം ‘ഓപ്പറേഷൻ സിന്ദൂർ’ പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും താവളമുറപ്പിച്ച കൊടുംഭീകരരെയാണ് ഉന്നമിട്ടത്. ഒൻപതു ഭീകരതാവളങ്ങൾ തകർത്തു തരിപ്പണമാക്കിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. 1971നു ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാക്ക് അധീന കശ്മീരിൽ കയറി ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ലക്ഷ്യം ഭീകരസംഘടനകളായ ലഷ്കറെ തയിബയും ജയ്ഷെ മുഹമ്മദുമായിരുന്നുവെന്നാണ് സൂചന. തകർക്കപ്പെട്ട ഭീകരകേന്ദ്രങ്ങൾക്ക്, മുൻപ് ഇന്ത്യയിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടോ? പരിശോധിക്കാം മനോരമ എക്സ്പ്ലെയിനറിലൂടെ.
∙മുസാഫറാബാദ് മുതൽ ഭവൽപുർ വരെ
ഓപ്പറേഷൻ സിന്ദൂറിൽ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുസാഫറാബാദ്, സർജാൽ, കോട്ലി, ഗുൽപുർ, സിയാൽകോട്ട്, ബർണാൽ, മുരിദ്കെ, ഭവൽപുർ, സവായ് എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടത്. ഇവിടങ്ങളിൽ ദീർഘകാലമായി ഭീകരർക്കു പരിശീലനം നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഒൻപതു കേന്ദ്രങ്ങള്ക്കും ഇന്ത്യയെ ലക്ഷ്യം വച്ച് നടന്ന ഭീകരാക്രമണങ്ങളുമായും നുഴഞ്ഞുകയറ്റ ശ്രമങ്ങളുമായും ബന്ധമുണ്ട്.
∙മുരിദ്കെ: ലഷ്കറെ തയിബയുടെ പരിശീലന ഗ്രൗണ്ട്
ലാഹോറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുരിദ്കെ. 2000ലാണ് ഇവിടെ ലഷ്കറിന്റെ നേതൃത്വത്തിൽ ഭീകരക്യാംപ് ആരംഭിച്ചത്. ലഷ്കറെ തയിബയുടെയും അതിന്റെ ഒരു വിഭാഗമായ ജമാഅത്തുദ്ദ അവയുടെയും പ്രധാന കേന്ദ്രം. 82 ഏക്കർ വിസ്തൃതിയുള്ള മുരിദ്കെയിലെ ഭീകര കേന്ദ്രത്തിൽ പരിശീലന മേഖലകൾ, ലോഞ്ച് പാഡുകൾ, ലോജിസ്റ്റിക്കൽ സപ്പോർട്ട് ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നിൽ ലഷ്കർ ആണെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. 26/11 ആക്രമണകാരികൾക്ക് പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണെന്നാണ് റിപ്പോർട്ട്.
∙സിയാൽകോട്ട് മെഹ്മൂന: ഹിസ്ബുൾ മുജാഹിദ്ദീൻ ക്യാപ്
പാക്സിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹിസ്ബുൾ മുജാഹിദിന്റെ പ്രധാന ക്യാംപ്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തിലാണ് മെഹ്മൂന ക്യാംപ് പ്രവർത്തിക്കുന്നത്. കശ്മീരിൽ സജീവമായ ഭീകര സംഘടനയാണ് ഹിസ്ബുൾ മുജാഹിദീൻ.
∙ബർണാല ക്യാംപ് – ലഷ്കറെ തയിബ
അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് ഭീകരർക്ക് പരിശീലനം നൽകുന്ന ഇടം. പൂഞ്ചിലെയും രജൗറിലെയും ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം. 150 ഏക്കറിൽ വിശാലമായ പരിശീലന കേന്ദ്രം.
∙കോട്ലി: ബോംബർ പരിശീലന കേന്ദ്രം
ജയ്ഷെ ഭീകരവാദികൾക്ക് ചാവേർ ബോംബാക്രമണത്തിനു പരിശീലനം നൽകുന്ന കേന്ദ്രമാണ് പാക്ക് അധീന കശ്മീരിലെ കോട്ലി. ഈ കേന്ദ്രത്തിൽ ഒരേസമയം 50-ലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.
∙കോട്ലി റഹീൽ ഷാഹിദ് – ഹിസ്ബുൾ മുജാഹിദീൻ
കോട്ലിയിലെ തന്നെ ഹിസ്ബുൾ മുജാഹിദിന്റെ ക്യാംപ്. പാക്ക് അധീന കശ്മീരിലെ ഭീകരസംഘടനയുടെ പ്രധാന ഇടം. മലമുകളിലായാണ് ഭീകരക്യാംപ് സ്ഥിതിചെയ്യുന്നത്.
∙മുസഫറാബാദ് സവായ്: ലഷ്കറെ തയിബ ക്യാംപ്
വടക്കൻ കശ്മീരിലെ– പ്രത്യേകിച്ച് സോൻമാർഗ്, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലെ – ആക്രമണങ്ങളിൽ സവായി ഭീകരപരിശീലന ക്യാംപിനു പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
∙ഗുൽപുർ
പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രം
∙സർജാൽ ക്യാംപ്
രാജ്യാന്തര അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം നടക്കുന്ന നുഴഞ്ഞുകയറ്റങ്ങൾക്കു പിന്നിൽ സർജാൽ ക്യാംപുകൾക്ക് വലിയ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. സർജാൽ ക്യാംപ് ജയ്ഷെ ഭീകരരുടെ നിയന്ത്രണത്തിലാണ്.