
‘ഇതു സ്ത്രീകൾ കൊടുക്കുന്ന മറുപടി; ഏതു ഭീകരവാദിയും ഇന്ത്യയെ തൊടാൻ ഭയക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശ്വാസവും അഭിമാനവുമെന്ന് എൻ.രാമചന്ദ്രന്റെ മകൾ ആരതി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയാണ് എൻ.രാമചന്ദ്രൻ. ഏതു ഭീകരവാദി സംഘടനയോ അതിനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ പോലൊരു രാജ്യമോ നമ്മളെ ആക്രമിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്നു മനസിലാക്കണമെന്ന് ആരതി പറഞ്ഞു.
‘‘ആശ്വാസമാണ്. എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു നമ്മൾ എന്താണു ചെയ്യുക എന്ന്. തിരിച്ചടിയെക്കുറിച്ച് അറിയുമ്പോള്‍ വലിയ ആശ്വാസം. ഉണ്ടായ നഷ്ടം ആർക്കും നികത്താനാവാത്തതാണ്. അച്ഛനില്ലാത്ത ഈ വീട്ടിൽ നിൽക്കുമ്പോൾ അവർക്കു മറുപടി കൊടുക്കണമെന്നു നമുക്കു തോന്നുമല്ലോ. സാധാരണക്കാർക്ക് ഒന്നും സംഭവിക്കാതെ ഭീകരവാദികളെ മാത്രം തിരഞ്ഞുപിടിച്ച് ഒൻപതു പേരെ കൊലപ്പെടുത്തിയതിൽ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ എനിക്കും അഭിമാനമുണ്ട്’’ – ആരതി പറഞ്ഞു.
ഇതു സ്ത്രീകൾ കൊടുക്കുന്ന മറുപടി കൂടിയാണെന്നും എൻ.രാമചന്ദ്രന്റെ മകൾ പ്രതികരിച്ചു. ‘‘സ്ത്രീകളുടെ മറുപടി എന്ന നിലയിലും ഇതിനെ കാണാവുന്നതാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് വളരെ യോജിച്ചതാണെന്നാണ് അമ്മ പറഞ്ഞത്. ആ പേരു നൽകിയവർക്കും ബിഗ് സല്യൂട്ട്’’ – അവർ പറഞ്ഞു.
പഹൽഗാമിൽ അച്ഛന് നഷ്ടപ്പെട്ട ആ നിമിഷത്തെക്കുറിച്ചും ആരതി ഓര്‍മിച്ചു. ‘‘ഭീകരർ വന്നതും അച്ഛൻ പോയതിന്റെ ഞെട്ടലും അവിടെ ഉണ്ടായതുമെല്ലാം ഞാനാണ് കണ്ടത്. അത് അമ്മ കാണാതിരുന്നതും നന്നായി, അമ്മയ്ക്കതു താങ്ങാൻ കഴിയുമായിരുന്നില്ല. അതുപോലെ അവിടെ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന്റെ ഭാര്യ ഹിമാന്‍ഷിക്ക് അത് എങ്ങനെ താങ്ങാൻ കഴിയുമെന്ന് എനിക്കറിയില്ല. ഈശ്വരൻ എല്ലാ ശക്തിയും ആ കുട്ടിക്ക് കൊടുക്കട്ടെ’’ – ആരതി പറഞ്ഞു.
സ്വന്തം പിതാവിനും കുടുംബത്തിനും മാത്രമല്ല, എല്ലാ ഇന്ത്യക്കാർക്കും നീതി ലഭിച്ചു എന്നു താൻ വിശ്വസിക്കുന്നെന്നും ആരതി പറഞ്ഞു. ‘‘ഒരു ഭീകരവാദിയും ഇന്ത്യയെ തൊടാൻ ഒന്നു ഭയപ്പെടണം, നമ്മളും തിരിച്ചടിക്കും എന്ന് മനസിലാക്കണം’’ – അവർ വ്യക്തമാക്കി. കുടുംബവുമൊത്തുള്ള കശ്മീർ സന്ദർശനത്തിനിടെയായിരുന്നു രാമചന്ദ്രൻ ആരതിയുടെയും അവരുടെ 2 ഇരട്ടക്കുട്ടികളുടെയും മുന്നിൽ കൊല്ലപ്പെട്ടത്.